തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇടത് യൂണിയന്‍ പ്രവര്‍ത്തകരായ രണ്ട് ട്രഷറി വകുപ്പ് ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. ട്രഷറി ഡയറക്ടറേറ്റ് ജീവനക്കാരനായ എ.അശോകന്‍, ജില്ല ട്രഷറി ഓഫീസിലെ ശ്രീവത്സന്‍ എന്നിവരാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ജോലി ചെയ്തിരുന്ന അതേ ഓഫീസുകളില്‍ തന്നെയാണ് ഇരുവര്‍ക്കും നിയമനം നല്‍കിയിരിക്കുന്നത്.
അതേ സമയം കേസില്‍ പ്രതികളായ മറ്റ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. കഴിഞ്ഞ ജനുവരി 9 നു ദേശീയ പണിമുടക്ക് ദിവസം ബാങ്ക് അടച്ചിട്ടില്ലെന്ന് പറഞ്ഞ് ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാങ്കിനുള്ളില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. ബാങ്ക് മാനേജരുടെ കാബിനടക്കം ഇവര്‍ അടിച്ചു തകര്‍ത്തു. ജീവനക്കാരെ അസഭ്യം പറഞ്ഞതിനു ശേഷമായിരുന്നു ഇവര്‍ മാനേജരുടെ ക്യാബിന്‍ തല്ലിത്തകര്‍ത്തത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ആക്രമികള്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു.
ബ്രാഞ്ച് ആക്രമിച്ച 15 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടര്‍, ലാന്‍ഡ്ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.
Post Your Comments