ആലപ്പുഴ: തൃശൂര്‍ പൂരത്തില്‍ നിന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ അഭിപ്രായം വ്യക്തമാക്കി മന്ത്രി ജി. സുധാകരന്‍. തെച്ചിക്കോട്ട് രാമചന്ദ്രന്‍ നേരത്തെ കുഴപ്പമുണ്ടാക്കിയ ആനയാണെങ്കില്‍ അതിനെ എഴുന്നള്ളിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഇളക്കമുള്ള ആനയാണെങ്കില്‍ ജനക്കൂട്ടത്തിലേക്ക് വിടരുത്. പൊതുജനത്തിന്റെ സുരക്ഷയാണ് പ്രധാനം. നിയമപ്രകാരം മാത്രമേ ആനയെ പങ്കെടുപ്പിക്കാന്‍ പറ്റൂ എന്നും അതിന്റെ പൂര്‍ണ്ണ അധികാരം ജില്ലാ ളക്ടര്‍ക്കാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
നിയമാനുസൃതമായി തന്നെയാണ് ഉല്‍സവത്തിനും കാര്യങ്ങള്‍ നടക്കേണ്ടത്. ക്രമസമാധാനപാലനം അതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അപകടം ഉണ്ടാവാതെ നോക്കേണ്ടത് ജില്ലാ കളക്ടറുടെ ചുമതലയാണ്. നിമയപ്രകാരം മാത്രമേ ആനയെ ഉല്‍സവത്തില്‍ പങ്കെടുപ്പിക്കാന്‍ പറ്റൂ. അതിന്റെ പൂര്‍ണ്ണ അധികാരം കളക്ടര്‍ക്കാണെന്നും ജി സുധാകരന്‍ പറഞ്ഞു. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നും അനാവശ്യ വാശികാട്ടി പൊതുജനത്തിന് അപകടം വരുത്തുന്ന ഒന്നും ആരും ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിക്ഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും വിശ്വാസികളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ പൂരത്തിലെ വിലക്കെന്ന് സംശയിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Post Your Comments