നാദാപുരം: ചെക്യാട് അരീക്കരകുന്നില്‍ സ്ഥാപിച്ച അതിര്‍ത്തിരക്ഷാ സേനയുടെ താവളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. വെള്ളത്തിന്റെ ലഭ്യത പോലും മനസിലാക്കാതെ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇതിന് കാരണം. ബിഎസ്എഫ് ആസ്ഥാനത്തിന് താഴെ കിണര്‍ നിര്‍മിക്കാന്‍ ഭൂമി വാങ്ങിയെങ്കിലും ഫലവത്തായില്ല. വിഷ്ണുമംഗലത്തെ ഡാമില്‍ ജലനിരപ്പ് താഴ്ന്നതോടെ മെയ് മാസം ജല വിതരണം തടസപ്പെട്ടു. കുടിവെള്ള ലഭ്യതയെ കുറിച്ച് യാതൊരു പഠനവും നടത്താതെ കേന്ദ്രം സ്ഥാപിച്ചതിലൂടെ സര്‍ക്കാറിന് പാഴായത് കോടികള്‍.
പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം കേന്ദ്രത്തിന് ആവശ്യമാണ്. ഇതിനായി രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ജല ലഭ്യത ഗുരുതര പ്രശ്‌നമായി തുടരുന്നു. നാല് കുഴല്‍ക്കിണറുകള്‍ പ്രദേശത്ത് കുഴിച്ചെങ്കിലും ഒന്നിലും വെള്ളം ലഭിച്ചില്ല. നിലവില്‍ ക്യാമ്പിലെ രണ്ട് ടാങ്കര്‍ ലോറികളിലാണ് കുടിവെള്ളമെത്തിക്കുന്നത്. ചെക്യാട് അരീക്കരക്കുന്നിലെ ക്യാമ്പില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുറമേരി വാട്ടര്‍ അതോറിറ്റി യൂണിറ്റില്‍ നിന്ന് 9000 ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കറുകളിലാണ് കുടിവെള്ളം എത്തിക്കുന്നത്. ക്യാമ്പിന് താഴെയുള്ള ബിഎസ്എഫിന്റെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ നിന്നും 10,000 ലിറ്റര്‍ വെള്ളവും ടാങ്കറുകളിലാക്കി കൊണ്ടുവരുന്നുണ്ട്.
28,000 ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ ക്യാമ്പില്‍ എത്തിച്ചാണ് ദൈനംദിനകാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് എത്തിക്കുന്നുണ്ട്. സേനാകേന്ദ്രത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയാതെവന്നത് ആസ്ഥാനത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.
Post Your Comments