തിരുവനന്തപുരം : ഉയരെ സിനിമയിലെ ചിലഭാഗങ്ങള്‍ എന്റെ ജീവിതത്തിലും സംഭവിച്ചതാണ്. എനിയ്ക്ക് ഒരു സ്വാതന്ത്ര്യം തരാതെ എന്നെ സ്നേഹിച്ചിരുന്ന വുഡ്ബി, അവസാനം ഇങ്ങനെയായിരുന്നു ..ആ പഴയകാര്യങ്ങള്‍ പൊടിതട്ടിയെടുത്ത് യുവഡോക്ടറുടെ കുറിപ്പ്. പാര്‍വതി നായികയായ പുതിയ ചിത്രം ഉയരെയിലെ കഥപശ്ചാത്തലങ്ങള്‍ പലരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. ഉയരെ കണ്ടപ്പോള്‍ തനിക്ക് പഴയ കാര്യങ്ങള്‍ ഓര്‍മ വന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ.ഷിനു തന്റെ ജീവിതത്തില്‍ സംഭവിച്ച പഴയ കാര്യങ്ങള്‍ പങ്കുവച്ചത്.
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്;
എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തില്‍ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നില്‍ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ട്. ഉയരെയുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതില്‍. കേരള മാട്രിമോണി വഴി വന്ന ആലോചയായിരുന്നു. ആ സമയത്തു ഡോക്ടറെ വേണ്ട എന്‍ജിനീയര്‍ മതിയെന്നായിരുന്നു എന്റെ വാശി. വിദേശത്തു നല്ല ജോലിയുള്ള പയ്യന്‍.എല്ലാ ദിവസവും സംസാരിക്കും. നല്ല സ്നേഹമാണ്. ഒരുതരം പൊസ്സസീവനസ് കൂടെ എനിക്ക് പലപ്പോഴും തോന്നി. എന്നാലും ‘സ്നേഹം കൊണ്ടല്ലേ ‘ എന്ന മറുപടി കേള്‍ക്കുമ്ബോള്‍ ഒക്കെ മറക്കും.
രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ സംസാരിക്കണം. ‘നിന്നോട് മിണ്ടിയിട്ട് ജോലിക്ക് പോകാമെന്ന് കരുതി’. അയാളത് പറയുമ്ബോള്‍ ഞാന്‍ ഹാപ്പി. പക്ഷെ എല്ലാ ദിവസവും അത് സാധിച്ചെന്ന് വരില്ല. അതിനും പരിഭവവും വഴക്കും കൂടും. എനിക്ക് ഓടിച്ചാടി 8 മണിക്ക് ആശുപത്രിയില്‍ എത്തണം. ഹൗസ് സര്‍ജന്‍സി കാലമാണ്. 10 മിനിറ്റില്‍ കൂടുതല്‍ ലേറ്റ് ആയാല്‍ സൈന്‍ ചെയ്യാന്‍ പറ്റില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു. താമസിക്കുന്ന പി. ജി യില്‍ നിന്ന് 10 മിനിറ്റ് ദൂരമുണ്ട്. അങ്ങനെ ഓടി ആശുപത്രിയില്‍ എത്തും. ‘ഇടയ്ക്കൊക്കെ സമയം കിട്ടുമ്ബോള്‍ എന്നെ വിളിക്കണം’ എന്നു പറഞ്ഞു ഫോണ്‍ അയാള്‍ വെക്കും. എവിടെ നേരം കിട്ടാന്‍. തിരക്കുള്ള ഒ.പി. കേസ് ഷീറ്റ് എഴുത്തു. അതിനിടയ്ക്ക് വിളിക്കാന്‍ എനിക്ക് നേരം കിട്ടാറില്ല. മിസ്സ്ഡ് കാള്‍ ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടു മണി സമയത്ത് അയാള്‍ വിളിക്കും. ‘ചോറു ഉണ്ടോ’ ‘തിരക്കായിരുന്നോ’ എന്നൊക്കെ ചോദിക്കും. തിരക്കാണെങ്കില്‍ ഞാന്‍ ഉച്ചക്ക് സംസാരിക്കാറില്ല.
ഒരു ദിവസം കൂട്ടുകാരോടൊപ്പം ബീച്ചില്‍ പോയി. വല്ലപ്പോഴും എല്ലാവരും കൂടെ ബീച്ചില്‍ പോകുമ്ബോള്‍ നല്ല രസമാണ്. അവരൊക്കെയാണ് എന്റെ തിരുവനന്തപുരം ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷങ്ങള്‍ തന്ന കൂട്ടുകാര്‍. അങ്ങനെ ഒരു ദിവസം അവരോടൊപ്പം കാറില്‍ പോകുമ്ബോഴും കാള്‍ വന്നു.’ എവിടെയാ, നീ വിളിച്ചില്ലലോ?’ തിരക്കായിരുന്നു. ജോലി കഴിഞ്ഞു ഇറങ്ങിയപ്പോള്‍ സമയം കിട്ടിയില്ല. ‘എന്നോട് പറഞ്ഞിട്ട് നീ എവിടെ വേണമെങ്കിലും പൊക്കോളൂ. പറയണം എന്ന് മാത്രം’. അവന്‍ അറിയാതെ ഒന്നും ചെയ്യാന്‍ പാടില്ല. എല്ലാം അവനോട് ചോദിച്ചു മാത്രം ചെയ്യുക. എന്നിട്ട് ‘സ്നേഹം കൊണ്ടല്ലേ’ എന്നും. സ്നേഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് വീര്‍പ്പുമുട്ടി തുടങ്ങിയിരുന്നു. അങ്ങനെ ദിവസങ്ങള്‍ കടന്ന് പോയി.
ഒരു ദിവസം പൊന്നി മാഡത്തിന്റെ മെഡിസിന്‍ ഒ.പി. ജനറല്‍ ആശുപത്രിയില്‍ മെഡിസിന്‍ ഒ.പി വലിയൊരു മേശയ്ക്കു ചുറ്റും 5,6 അല്ലെങ്കില്‍ 8 ഡോക്ടര്‍മാര്‍ വരെ രോഗികളെ നോക്കുന്നുണ്ടാകും. അതുപോലെ തിരക്കാണ് അവിടെ. മിസ്സ്ഡ് കാള്‍ ഉണ്ട്. ഞാന്‍ തിരിച്ചു വിളിച്ചിട്ടില്ല. ഒ.പി കഴിഞ്ഞപ്പോള്‍ 3 മണിയായി. ക്ഷീണിച്ച ഞാന്‍ ഫോണ്‍ എടുത്തു തിരികെ വിളിച്ചു. ‘എന്താ ഇതുവരെ വിളിക്കാഞ്ഞത്?’ ഉള്ളില്‍ അടക്കിയ ദേഷ്യം മുഴുവന്‍ പുറത്തു വന്നു. ‘എനിക്ക് സൗകര്യമില്ല. എനിക്ക് ശ്വാസം മുട്ടുന്നു. നീ ഒന്നു പോയി താ. എന്നെ ഇനി വിളിക്കരുത്. എനിക്ക് ഇനി വയ്യ’.ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് അയാള്‍ വിളിച്ചു .ഞാന്‍ എടുത്തില്ല. ഒരു ഡോക്ടറാകുമ്ബോള്‍ ഉള്ള തിരക്കോ, ആശുപത്രിയിലെ എന്റെ അവസ്ഥയോ എത്ര പറഞ്ഞിട്ടും അയാള്‍ക്ക് മനസ്സിലായില്ലായിരുന്നു.
സ്നേഹം അമൂല്യമാണ്. പക്ഷെ വീര്‍പ്പുമുട്ടി തുടങ്ങിയാല്‍ അതും വെറുത്തു പോകും. ‘അധികമായാല്‍ അമൃതവും വിഷമാണ്. ‘ ഒരു പേഴ്‌സണല്‍ സ്പേസ് എല്ലാവര്‍ക്കും കൊടുക്കുക. ഭാര്യയാലും ഭര്‍ത്താവായാലും. വിദേശത്തു ആയതു കൊണ്ട് അയാള്‍ നേരില്‍ വന്നില്ല. മാട്രിമോണി വഴി വന്നത് കൊണ്ട് അച്ഛന്റെ നമ്ബറും ഉണ്ടല്ലോ. എന്റെ അച്ഛനെ വിളിച്ചു എന്നെ കുറിച്ചു ഓരോ വൃത്തികേടുകള്‍ പറഞ്ഞു. അയാളുടെ ദേഷ്യം തീര്‍ത്തു. പക്ഷെ എന്റെയച്ഛന്‍ എന്നോടൊപ്പമായിരുന്നു. ‘എന്റെ മകളെ എനിക്കറിയാം. നീ വെക്കട ഫോണ്‍’. അങ്ങനെ ഞാന്‍ അയാളില്‍ നിന്ന് രക്ഷപ്പെട്ട ഒരു അനുഭവം ‘ഉയരെ’ കണ്ടപ്പോള്‍ ഓര്‍മ്മ വന്നു. അത് എന്തുകൊണ്ടും നന്നായി എന്ന് ആ സിനിമ എന്നെ ഓര്‍മിപ്പിച്ചു ‘No’ പറയുന്ന പെണ്കുട്ടികളെ ഉപദ്രവിക്കുന്ന പുരുഷന്‍ന്മാര്‍ നമുക്ക് ചുറ്റുമുണ്ട്. അവളുടെ അച്ഛനെയും,അങ്ങളെയും വിളിച്ചു അവളെ കുറിച്ചു മോശം പറയുക.
അല്ലെങ്കില്‍ നാട് നീളെ അവളെ കുറിച്ചു അപവാദം പറയുക. പുരുഷന് ഹരം കൊള്ളുന്ന ഒരുപാട് പ്രതികാര നടപടികളുണ്ട്. അവളെ മാനസികമായി പീഡിപ്പിക്കുകയാണ് ഭൂരിപക്ഷം ex ചെയ്യുക. ആസിഡ് ഒഴിക്കുക, കുത്തി കൊല്ലുകയൊക്കെ ലോകം അറിയുന്ന മറ്റൊരു വികൃത മുഖം. പക്ഷെ പുറത്തു പറയാതെ ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റം ‘സ്നേഹം കൊണ്ടല്ലേ’ എന്നു കേട്ട് ജീവിക്കുന്നുണ്ട്. രണ്ടടി കൊടുത്തിട്ട് അവന്‍ ആ വാചകം ഉറക്കെ പറയും. അലിയുന്ന സ്ത്രീ മനസ്സ് പലപ്പോഴും അതൊക്കെ സഹിക്കും. അവിടെയാണ് സ്ത്രീകള്‍ ഉണരേണ്ടത്. ‘എനിക്ക് ഞാനാവണം, നീ ആഗ്രഹിക്കുന്ന ഞാനല്ല, ഞാന്‍ ആഗ്രഹിക്കുന്ന ഞാനാവണം’ എന്ന് ഓരോ സ്ത്രീയും ചിന്തിക്കണം. എല്ലാവരും കാണേണ്ട ഒരു സിനിമയാണിത്. ഇമോഷണല്‍ ബ്ലാക്ക്മയില്‍ ഒരു കാരണവശാലും അംഗീകരികരുത്. വിവരവും വിദ്യാഭാസവുമുള്ള സ്ത്രീകള്‍ പോലും സ്നേഹം എന്നാല്‍ പുരുഷന്റെ തടങ്കലിലാണ് എന്ന് കരുതുന്നു. ‘ഞാന്‍ പൊക്കോട്ടെ’,’ ഞാന്‍ ആ ഡ്രസ് ഇട്ടോട്ടെ’, ‘നാളെ ഞാന്‍ സാരി ഉടുത്തോട്ടെ’ എന്നൊക്കെ ചോദിക്കുന്ന സ്ത്രീകള്‍ ആ പരിപാടി നിര്‍ത്തുക. ചോദിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല?.
പാര്‍വതിയും Parvathy Thiruvothu നാഷുമൊക്കെ കിരണ്‍ ടി. വി. യില്‍ ഉള്ളപ്പോള്‍ ഞാന്‍ കാണാറുണ്ടായിരുന്നു. പക്ഷെ അന്നൊന്നും പാര്‍വതി സിനിമയില്‍ നടിയാകുമെന്ന് കരുതിയില്ല. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ഉറക്കെ പോരാടുന്ന പാര്‍വതി അതുപോലെ ധീരയായൊരു കഥാപാത്രമാണ് ഉയരെയില്‍ ചെയ്തിരിക്കുന്നത്. പല സീനിലും കണ്ണ് നിറഞ്ഞു. ടോവിനോ Tovino Thomas ഇങ്ങനെ സിനിമയില്‍ ചിരിക്കല്ലേ. സിനിമയില്‍ വിശാലിന്റെ ക്യാറക്ടര്‍ ഇത്രയും നീതി പുലര്‍ത്തിയതിന് അഭിനന്ദനങ്ങള്‍. മോഹന്‍ലാലിനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ട് നടന്നിട്ടില്ല. ഇപ്പോള്‍ ടോവിനോ കാണണം എന്നുണ്ട്?. ഓരോരോ ആഗ്രഹങ്ങളെ?.ആസിഫും, സിദ്ധിഖും നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു അച്ഛന്‍ എങ്ങനെയാകണമെന്ന് ഇതില്‍ പരം പറയാനില്ല. സംവിധായകന്‍ മനു സല്യൂട്ട്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്. കുറച്ചു കാര്യങ്ങള്‍ നാം തിരിച്ചറിയുവാനും ചില പാഠങ്ങള്‍ പഠിക്കുവാനും അത് ഉപകാരമാകും.
Post Your Comments