ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമക്കേട് കണ്ടെത്തിയ 13 ബൂത്തുകളില്‍ 19നും പുതുച്ചേരിയിലെ ഒരു ബൂത്തില്‍ 12നും റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സത്യബ്രത സാഹു അറിയിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും പി.എം.കെ. നേതാവുമായ അന്‍പുമണി രാമദാസ് മത്സരിച്ച ധര്‍മപുരി മണ്ഡലത്തിലെ എട്ടു ബൂത്തുകളിലും കടലൂര്‍, തിരുവള്ളൂര്‍ മണ്ഡലങ്ങളിലെ ഓരോ ബൂത്തിലും വീണ്ടും വോട്ടെടുപ്പു നടത്തുന്നതിനെക്കുറിച്ച് നേരത്തേ ചര്‍ച്ചകള്‍ നടന്നിരുന്നു.
ധര്‍മപുരിയിലെ നത്തമേടിലെ പോളിങ് ബൂത്തില്‍ താന്‍ ആറുവോട്ടുചെയ്തുവെന്ന് അവകാശപ്പെട്ട് ഒരാള്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ക്രമക്കേട് ആരോപിച്ച് ഡി.എം.കെ. രംഗത്തുവരികയായിരുന്നു. ധര്‍മപുരിയിലെ 10 ബൂത്തുകളില്‍ വ്യാപമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്ന്് ഡി.എം.കെ. ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ്. ഭാരതി ആരോപിച്ചിരുന്നു. കടലൂര്‍, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും ബൂത്തുപിടിത്തം നടന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഈ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ വീതം വീണ്ടും വോട്ടെടുപ്പു നടത്തണമെന്ന് ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഈ ആവശ്യം തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ 15 മണ്ഡലങ്ങളിലായി 46 ബൂത്തുകളില്‍ റീ പോളിങ് നടത്താനാണു ശുപാര്‍ശ ചെയ്തിരുന്നത്. ബാക്കിയുള്ളവയില്‍ അന്തിമതീരുമാനമായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ 18നു നടന്നിരുന്നു. റീപോളിങ് നടക്കുന്നവയില്‍ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളില്‍പെട്ട ബൂത്തുകളുണ്ട്.
Post Your Comments