Latest NewsOmanGulf

ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേതഗതിയുമായി ഒമാന്‍; ഹോട്ടലുകളില്‍ സിസിടിവി നിര്‍ബന്ധം

മസ്‌കറ്റ്: നിലവിലെ പിഴ ഇരട്ടിയാക്കിയും ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടും ഒമാനിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളില്‍ ഭേദഗതി. ഒമാന്‍ പ്രാദേശിക നഗരസഭാ- ജലവിഭവ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

വാണിജ്യ ലൈസന്‍സും മറ്റ് അനുമതി പത്രങ്ങളുമില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കപെടുന്നത് പിടിക്കപെട്ടാല്‍ 100 ഒമാനി റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 500 ഒമാനി റിയാലായിരിക്കും പിഴ. ഭക്ഷണ ശാലകള്‍, ഫാസ്റ്റ് ഫുഡ് വില്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍, ഭക്ഷ്യസംസ്‌കരണ പ്ലാന്റുകള്‍, അറവുശാലകള്‍, ഷോപ്പിങ് മാളുകള്‍, ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ പെടും.

ഭക്ഷണ സാധനത്തിലെ ഉള്ളടക്കം കൃത്യമായി രേഖപ്പെടുത്താതിരിക്കുകയോ, ഭക്ഷണ പദാര്‍ത്ഥത്തില്‍ മദ്യത്തിന്റെയോ പന്നിയിറച്ചിയുടെയോ അംശം കണ്ടെത്തുകയോ ചെയ്താല്‍ 500 ഒമാനി റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയും പിഴ ചുമത്തും. ഗുരുതര നിയമലംഘനങ്ങള്‍ക്ക് 5000 ഒമാനി റിയാല്‍ പിഴയും ഒപ്പം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് അടക്കമുള്ള നിയമ നടപടികളും സ്വീകരിക്കും.

പരിശോധനകള്‍ ഉറപ്പു വരുത്തുവാന്‍ ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കുന്ന സ്ഥലത്തും, ഭക്ഷണം കേടു വരാതെ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഭേദഗതി ചെയ്യപെട്ട നിയമത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button