Latest NewsKerala

ശുചീകരണപ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഒന്നിനുമുമ്പ് പൂര്‍ത്തീകരിക്കണം: വി.എസ്.ശിവകുമാർ എംഎൽഎ

തിരുവനന്തപുരം : തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഒന്നിനുമുമ്പ് പൂര്‍ത്തീകരിക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ ആവശ്യപ്പെട്ടു. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ 27 നഗരസഭാ വാര്‍ഡുകളിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ വിളിച്ചുചേര്‍ത്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 11, 12 തീയതികളില്‍ ഇതിന്റെ ഭാഗമായി മാസ്സ് ക്ലീനിംഗ് നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിക്കും. സാമൂഹ്യ-സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ തുടങ്ങി എല്ലാവരുടെയും പിന്തുണ ഇതിലേയ്ക്കായി ഉറപ്പാക്കണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലം ആരംഭിക്കുന്നതുവരെ തുടരണമെന്നും എം.എല്‍.എ. നിര്‍ദ്ദേശിച്ചു. മെയ് 16 ന് ദേശീയ ഡെങ്കിപ്പനി ദിനാചരണവും, 17,18 തീയതികളില്‍ കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ കൊതുക് കൂത്താടി നിര്‍മ്മാര്‍ജ്ജനവും ശുചിത്വ പ്രവര്‍ത്തനവും, 27,28 തീയതികളില്‍ ജലശുദ്ധീകരണ ക്യാമ്പെയിനും സംഘടിപ്പിക്കും. ഒറ്റപ്പെട്ട മഴ ഉണ്ടാകുകയാണെങ്കില്‍ ആ പ്രദേശത്ത് അഞ്ചുദിവസത്തിനകം ഉറവിട നശീകരണം നടത്തും.

നിയോജകമണ്ഡലത്തിലെ മുഴുവന്‍ വീടുകളും ആരോഗ്യജാഗ്രത സര്‍വ്വേയുടെ ഭാഗമായി ആരോഗ്യവകുപ്പ്, നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്തില്‍ സന്ദര്‍ശിക്കണമെന്ന് എം.എല്‍.എ. നിര്‍ദ്ദേശിച്ചു. ഓരോ കുടുംബത്തിന്റെയും ആരോഗ്യപരമായ അവസ്ഥ അവലോകനം ചെയ്ത് പരിഹാരം കണ്ടെത്തുകയാണ് സർവേയുടെ പ്രാഥമിക ലക്ഷ്യം. ഒരു വീട്ടിൽ കഴിഞ്ഞ വർഷം ഡെങ്കിപ്പനി വന്നിട്ടുണ്ടെങ്കിൽ അവിടത്തെ സാഹചര്യങ്ങൾ കൂടുതൽ പഠിക്കാനായി ആ പ്രദേശം ‘ഹോട്ട് സ്പോട്ട്’ ആയി പ്രത്യേകം പരിഗണിക്കും. തിരഞ്ഞെടുത്ത ഹോട്ട് സ്പോട്ടുകളിലെ ഉറവിട നിര്‍മ്മാര്‍ജ്ജന പ്രവർത്തനങ്ങൾ ഈ സംഘത്തിന്റെ കൃത്യമായ മേൽനോട്ടത്തിൽ നടന്നുവരികയാണ്. കൊതുക് നശീകരണം മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായതിനാല്‍ എല്ലാവർഷത്തെയും പോലെ കൊതുകുകൾ വ്യാപിക്കാതിരിക്കാനും പെരുകാതിരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നതാണ്.

വാര്‍ഡുതല ശുചിത്വ സമിതി ശുചീകരണ പ്രവര്‍ത്തങ്ങള്‍ എപ്രകാരം നടത്തണമെന്ന് കൃത്യമായും ആസൂത്രണം ചെയ്യണം. വാര്‍ഡ് കൗൺസിലർമാര്‍ ഇതിന് നേതൃത്വം നല്കണം. ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, അംഗനവാടിടീച്ചര്‍മാര്‍ എന്നിവര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യകേരളം ജെ.പി.എച്ച്.എന്‍.മാര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുകയും നോട്ടീസ് നല്കുകയും വേണം. നഗരത്തിലെ തീരപ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. കടലിലേയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിച്ചേരുന്നത് തടയുകയും വേണം.

മാലിന്യത്തിന്റെ തോത് കുറച്ചുകൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. നഗരത്തിലെ പ്രധാനപ്പെട്ട പാളയം മാര്‍ക്കറ്റിനുപുറകില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണം. ആമയിഴഞ്ചാന്‍ തോടിന്റെ ഉത്ഭവസ്ഥാനമായ ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍, പഴവങ്ങാടി എന്നിവിടങ്ങള്‍ മാലിന്യകൂമ്പാരമായി വൃഷങ്ങള്‍ വരെ വളര്‍ന്നിരിക്കുന്നു. കണമ്മൂല ഭാഗത്തുനിന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോടൊപ്പം മഴക്കാലത്തിനുമുന്നോടിയായി ഈ ഭാഗത്തും ആരംഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. തമ്പാനൂര്‍ രാജാജി നഗറില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുപ്പികള്‍, ഇറച്ചി മാലിന്യങ്ങള്‍ എന്നിവ കുമിഞ്ഞുകൂടിയിരിക്കുന്നു. ഇവ എത്രയും നീക്കം ചെയ്യുന്നതിനും തുടര്‍ന്ന് മാലിന്യനിക്ഷേപം തടയുന്നതിനും നടപടിയുണ്ടാകണം. നഗരത്തിലെ തെക്കനംകര കനാല്‍ എത്രയും വേഗം മാലിന്യ മുക്തമാക്കിയില്ലെങ്കില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നതിനു മാത്രമല്ല, മലിനജലം ഔട്ട് ലെറ്റ് വഴി ശ്രീവരാഹം കുളത്തിലെത്തിച്ചേരുന്നതിനും കാരണമാകും. അതുപോലെ നഗരപ്രദേശത്തെ ഓടകള്‍ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടിയുണ്ടാകണം.

കര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ പരിധിയില്‍ വാര്‍ഡൊന്നിന് കുറഞ്ഞത് അമ്പതിനായിരം രൂപയും തീരദേശമേഖലകളില്‍ കൂടുതല്‍ തുകയും അനുവദിക്കണം. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും, ചികില്‍സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നും, ഹോമിയോ പ്രതിരോധ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗൺസിലർമാരായ ബീമാപ്പള്ളി റഷീദ്, അയിഷാ ബേക്കര്‍, പീറ്റര്‍ സോളമന്‍, ഐ.ചിഞ്ചു, ജി.എസ്.കോമളവല്ലി, ആര്‍.മിനി, അഡീഷണല്‍ ഡി.എം.ഒ. ഡോ.നീനാ റാണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.രാജേഷ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫൈസി.എ, ആശുപത്രി സൂപ്രണ്ടുമാര്‍, ഹോമിയോ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ ഓഫീസര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യകേരളം ജെ.പി.എച്ച്.എന്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button