തിരിവനന്തപുരം: മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് കേസിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന ആരോപണവുമായി പാര്‍ട്ടിക്കുള്ളില്‍ ശിവകുമാറിനെ അനുകൂലിക്കുന്ന നേതാക്കള്‍ രംഗത്തെത്തിയത് കോൺഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് കാരണമാകുന്നു. വിഎസ് ശിവകുമാര്‍ മന്ത്രിയായിരുന്ന സമയത്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം വഴുതയക്കാട് സ്വദേശി നൽകിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.ഈ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രെസ് നേതാവാണെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ ഉയർന്നുവന്നത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹിയാണ് സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നത്.ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരം ജില്ലയിലെ നേതാക്കളില്‍ നിന്നും വിവരം ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ശിവകുമാറിനെ എതിര്‍ക്കുന്ന നിലപാട് മുന്‍പ് പലപ്പോഴും സീകരിച്ചിട്ടുള്ള ഈ നേതാവിന് പരാതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അത് കോണ്‍ഗ്രസില്‍ വൻ പൊട്ടിത്തെറിയാണ് ഉണ്ടാക്കുക.
വിജിലൻസ് അന്വേഷണം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നതിനിടെ രാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന ആരോപണം ഉയരുന്നത് പാർട്ടിയെ തന്നെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. അതിനാൽ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വിവരം ശേഖരിച്ച് നടപടിയെടുക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്
Post Your Comments