തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെയും മറ്റും ശബരിമല കേസുകളിൽ പ്രതി ചേർക്കാൻ ഉന്നത പോലീസ് യോഗത്തില്‍ ഡിജിപി ലോക നാഥ് ബെഹ്‌റ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ട്. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസ്സുകളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മസമിതി നേതാക്കൾക്കെതിരെ ആണ് കേസ് എടുക്കാൻ നിർദ്ദേശം നൽകിയതെന്നാണ് സൂചന.
ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനു ശേഷവും കുറച്ചു കേസ്സുകള്‍ കൂടി എടുത്തു. 32270 പേരെ പ്രതികളാക്കി. 38.52ലക്ഷം രൂപയുടെ പൊതുമുതലും .45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും തകര്‍ത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വരില്‍ നിന്നും തുക ഈടാക്കണമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഈ നിലയിൽ വൈസ് പ്രസിഡണ്ട് എന്ന നിലയിലാണ് സെന്‍കുമാര്‍ എല്ലാ കേസ്സിലും പ്രതിയാക്കുക. മറ്റൊരു വൈസ് പ്രസിഡന്റായ കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലടീച്ചര്‍ എന്നിവരേയും മുഴുവന്‍ കേസ്സുകളില്‍ പ്രതികളാക്കും.വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ ജില്ലാ പോലീസ് മേധാവികള്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments