ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ പത്ത് ലക്ഷത്തിലധികം ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ലോകത്തെ പ്രശസ്ത ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റര്‍ഗവണമെന്റല്‍ സയന്‍സ് പോളിസ് പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇകോസിസ്റ്റം സര്‍വ്വീസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അന്‍പത് രാജ്യങ്ങളില്‍ നിന്നായി 145 ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ വന്നിരിക്കുന്നത്.
പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂര പ്രവര്‍ത്തനങ്ങള്‍ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നു എന്നതിനോടൊപ്പം ഒരു മില്ല്യനിലധികം ജീവജാലങ്ങള്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് യു.എന്‍ പുറത്തു വിട്ടത്. ഭൂമിയിലുള്ള 80 ലക്ഷം ജീവജാലങ്ങളില്‍ പത്ത് ലക്ഷത്തിലധികം വരുന്നവയും വംശനാശ ഭീഷണി നേരിടുന്നു.
മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലാണ് ഇത്രയധികം ജീവജാലങ്ങള്‍ ഇല്ലാതാകാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജോസഫ് സെറ്റല്‍ പറയുന്നു. വരും നാളുകളില്‍ പ്രകൃതിക്കു വേണ്ടി മനുഷ്യന്‍ നിലകൊണ്ടില്ലെങ്കില്‍ പുതിയ തലമുറയുടെ നിലനില്‍പിന് പ്രകൃതിയില്‍ ഒന്നും അവശേഷിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യ , ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ 130 രാജ്യങ്ങള്‍ പ്രകൃതിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ആഗോളതാപനം മത്സ്യ സമ്പത്തിന് ഭീഷണിയാണെന്നും വംശ നാശ ഭീഷണി നേരിടുന്നവയില്‍ ഏറ്റവും കൂടുതല്‍ മത്സ്യവര്‍ഗത്തില്‍ നിന്നും ഉള്ളവയാണെന്നും ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിലുണ്ട്. ഭൂമിയിലെ 40 ശതമാനം ഉഭയ ജീവികളും 30 ശതമാനം പവിഴപ്പുറ്റുകളും മൂന്നിലൊന്ന് സമുദ്രജീവി സമ്പത്തും മനുഷ്യന്റെ ചെയ്തികളുടെ ഭീഷണി നേരിടുന്നവയാണ്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ഏറ്റവും വലിയ കണക്കുകളില്‍ ഒന്നാണിത്.
Post Your Comments