തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരന്തരമുണ്ടാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പരമ്പരാഗതമായുള്ള നല്ല അംശങ്ങള്‍ സ്വാംശീകരിച്ച് സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പു വരുത്തുന്ന ശാസ്ത്രീയ തരത്തിലുള്ള പാരന്റിംഗ് സെന്ററുകളാണ് സ്ഥാപിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കായിരിക്കും ഇതിന്റെ ചുമതല. കുഞ്ഞുങ്ങളെ ഉത്തമ പൗരന്‍മാരായി വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന് മുമ്പും കുഞ്ഞ് ജനിച്ചു കഴിഞ്ഞും രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്വം നിറവേറ്റാനാകണം. ഇത് മുന്നില്‍ കണ്ടാണ് ഗുഡ് പാരന്റിംഗ് സെന്റര്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന നിയമപാലകരുടെ ഏകദിന ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
കോടതികള്‍ ശിശു സൗഹൃദമാകേണ്ടതുണ്ട്. പല കേസുകളിലും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരേടൊപ്പം കോടതി മുറിയില്‍ കുട്ടികള്‍ക്ക് ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള അവസ്ഥയ്ക്കും മാറ്റം വരുത്തേണ്ടതുണ്ട്. കോടതികള്‍ ശിശുസൗഹൃദമാക്കുന്നതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ശിശുസൗഹൃദ പോക്‌സോ കോടതി ഒരുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നേരിടുന്നതിന് മാധ്യമങ്ങള്‍ക്കും നവ മാധ്യമങ്ങള്‍ക്കും വളരെ പങ്കുവഹിക്കാനാകും. ഇത്തരം അതിക്രമങ്ങള്‍ തടയാനായി വീഡിയോ മോണിറ്ററിംഗ് സമ്പ്രദായം ആവിഷ്‌ക്കരിക്കേണ്ടതാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ അവബോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച് വരുന്നത്. ഇക്കാര്യത്തില്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും രക്ഷകര്‍ത്താക്കളെ എങ്ങനെ ബോധവത്ക്കരിക്കാം എന്നതും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മൂടിവയ്ക്കാന്‍ പാടില്ല. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പശ്ചാത്തലം മനസിലാക്കി ശക്തമായ ഇടപെടലുകള്‍ നടത്താനാകണം. കുട്ടി ചെറിയ പ്രായത്തില്‍ പൂര്‍ണമായും വീട്ടുകാരുടെ സംരക്ഷണത്തിലാണ്. അതുകഴിഞ്ഞ് ക്രഷുകള്‍, അംഗന്‍വാടി, സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് ഏറെ നേരം ചെലവഴിക്കുന്നത്. ഏതെങ്കിലും കുട്ടികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ അതില്‍ ഇടപെട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആ സ്ഥാപനത്തിലുള്ളവര്‍ക്ക് കഴിയണം. അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. മൂന്നാമതൊരു ഇടപെടല്‍ ഉണ്ടായാല്‍ തന്നെ കുട്ടികള്‍ അവരുടെ മനസിലുള്ളത് തുറന്നു പറയും. കുട്ടികളെ രക്ഷിച്ചെടുക്കുന്നതിന് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒരുമിക്കണമെന്നും മന്ത്രി അഭ്യര്‍ത്തിച്ചു.
സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., ഡെല്‍സ സെക്രട്ടറി സിജു ഷേഖ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., ഐ.ജി. ശ്രീജിത്ത് ഐ.പി.എസ്., കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ്., ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ മെമ്പര്‍ സി.ജെ. ആന്റണി, ജുവനല്‍ ജസ്റ്റിസ് ബോര്‍ഡിലെ ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടുമാര്‍, 14 ജില്ലകളിലേയും ശിശുക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, സ്‌പെഷ്യല്‍ ജുവനല്‍ പോലീസ് യൂണിറ്റ് എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
ശില്‍പശാലയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചകള്‍ നടന്നു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ജില്ലാ ജഡ്ജി ചെയര്‍പേഴ്‌സണും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായ ജില്ലാ ജുവനല്‍ ജസ്റ്റിസ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നടപ്പിലാക്കലും അവയുടെ ശക്തിപ്പെടുത്തലും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മാസ്റ്റര്‍ ഷഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നല്ലരീതിയില്‍ നടപ്പിലാക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു. മാനസിക വിഷമതകള്‍ അനുഭവിക്കുന്നവരും ലഹരികള്‍ക്ക് അടിമപ്പെടുന്നവരുമായ കുട്ടികളെ സംബന്ധിച്ചുള്ള സര്‍വേ വകുപ്പ് തലത്തില്‍ നടത്തേണ്ടതുണ്ട്. ഇതനുസരിച്ച് ആവിഷ്‌ക്കരിക്കേണ്ട പദ്ധതികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ഹോമിലേക്ക് എത്തപ്പെടുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന് യോഗം ശിപാര്‍ശ ചെയ്തു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ കുട്ടികളെ സര്‍ക്കാര്‍ ഹോമില്‍ താമസിപ്പിക്കേണ്ടതില്ല. പകരം ശിശുക്ഷേമ സമിതി അന്വേഷിച്ച് കണ്ടെത്തുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കുട്ടികളെ ഹോമുകളില്‍ താമസിപ്പിക്കുക. മാത്രമല്ല കുട്ടികള്‍ക്ക് വീട്ടില്‍ താമസിച്ചാല്‍ സുരക്ഷിതമാണെങ്കില്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും ശില്‍പശാല വിലയിരുത്തി. ഡി-ഇന്‍സ്റ്റിറ്റിയൂഷണലൈസേഷന്‍ പ്രകാരം കുട്ടികളെ സമൂഹത്തിലേക്ക് പുനരധിവസിപ്പിക്കുന്ന നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് ഗുണമേന്മയുള്ള ഹോമിലേക്ക് മാറ്റുന്ന പദ്ധതിയായ തേജോമയ, ജെ.ജെ. സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ താമസ സൗകര്യമൊരുക്കുക, ദത്തെടുക്കല്‍, ഫോസ്റ്റര്‍ കെയര്‍, സ്‌പോണ്‍സര്‍ഷിപ്പ്, ആഫ്റ്റര്‍ കെയര്‍ പദ്ധതി, ജുവനല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വരുന്ന കുട്ടികളെ ബാംഗളൂര്‍ നിംഹാന്‍സുമായി സഹകരിച്ച് പുനരധിവാസം നടത്തുന്ന കാവല്‍ പദ്ധതി, ഇത് വിപുലീകരിച്ച് കാവല്‍ പ്ലസ് ആക്കുക, പോസ്‌കോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക, ചെറിയ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കി.
Post Your Comments