തിരുവനന്തപുരം: പാലത്തായി പീഡന കേസില്‍ പെണ്‍കുട്ടിക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെ വിശ്വസിക്കുന്നില്ലെന്ന പെണ്‍കുട്ടിയുടേയും കുടുംബാംഗങ്ങളുടേയും പരാതിയെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചത്. പ്രതിക്ക് ജാമ്യം നല്‍കിയ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. കേസില്‍ വീട്ടിലെത്തി കുട്ടിയുടെ മൊഴിയും നേരത്തെ കേസ് അന്വേഷിച്ച സി ഐ ടിപി ശ്രീജിത്ത്, നിലവില്‍ കേസ് അന്വേഷിക്കുന്ന കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ടി മധുസൂദനന്‍ എന്നിവരുടെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ ഇരയുടെ മൊഴിയുണ്ടായിട്ട് പോലും പോക്‌സോ വകുപ്പോ ബലാത്സംഗ കുറ്റമോ ചുമത്താതെ പ്രതിക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments