തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം 13-ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ നിര്‍വഹിക്കും. ക്യാന്‍സര്‍ രോഗികള്‍ക്കായി നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് ലിനാക് ബ്ലോക്ക് നിര്‍മിക്കുന്നത്. 18.05 കോടി രൂപ വരുന്ന ലീനിയര്‍ ആക്സിലറേറ്റര്‍, 4 കോടി രൂപയുടെ സി ടി സിമുലേറ്റര്‍, 1.8 കോടി രൂപയുള്ള ബ്രാക്കി തെറാപ്പി എന്നീ ഉപകരണങ്ങളാണ് സ്ഥാപിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 13-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് നിര്‍വ്വഹിക്കും. ഒ.പി. ബ്ലോക്കിനും പി.ഡബ്ലിയു.ഡി. ബില്‍ഡിംഗിനും ഇടയ്ക്കുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
മെഡിക്കല്‍ കോളേജിന് അനുവദിച്ച 18.05 കോടി രൂപ വരുന്ന ലീനിയര്‍ ആക്സിലറേറ്റര്‍, 4 കോടി രൂപയുടെ സി.ടി. സിമുലേറ്റര്‍, 1.8 കോടി രൂപയുള്ള ബ്രാക്കി തെറാപ്പി എന്നിവ സ്ഥാപിക്കാനാണ് ലിനാക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ കൊബാള്‍ഡ് മെഷീന്‍ മാത്രമാണ് മെഡിക്കല്‍ കോളേജിലുള്ളത്. 2.8 കോടി രൂപയുടെ രണ്ടാമത്തെ കൊബാള്‍ട്ട് മെഷീന്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും.
അതിനൂതന ഉപകരണമായ ലീനിയര്‍ ആക്സിലറേറ്ററിലൂടെ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുത്താം. രോഗം ബാധിച്ച അവയവങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കാനും മറ്റ് അവയവങ്ങള്‍ക്ക് റേഡിയേഷന്‍ കിട്ടാതെ പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറയ്ക്കാനും ലീനിയര്‍ ആക്സിലറേറ്റര്‍ വഴി സാധിക്കും. ആദ്യഘട്ട ക്യാന്‍സറുകള്‍ക്ക് നൂറുശതമാനം ഫലപ്രദമായ ചികിത്സ ഇതിലൂടെ നല്‍കാനാകും.
Post Your Comments