ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ കിഴക്കന്‍ യുപിയിലെയും അവധ് മേഖലയിലെയും 14 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ചങ്കിടിപ്പേറുന്നത് ബിജെപിക്ക്. 2014ല്‍ അമേഠിയും റായ്ബറേലിയുമൊഴികെ 14 ല്‍ 12ഉം ബിജെപിക്കൊപ്പമായിരുന്നു. എന്നാല്‍, വൈരംമറന്ന് എസ്പിയും ബിഎസ്പിയും മഹാസഖ്യം രൂപീകരിച്ച് കളത്തിലിറങ്ങിയതോടെ ലഖ്‌നൗ ഒഴികെയുള്ള സിറ്റിങ് സീറ്റുകളെല്ലാം ബിജെപിക്ക് വെല്ലുവിളിയാണ്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മത്സരിക്കുന്ന ലഖ്‌നൗ മാത്രമാണ് ബിജെപി ഉറപ്പിക്കുന്ന ഏക മണ്ഡലം. മഹാസഖ്യം സ്ഥാനാര്‍ഥിയായി എസ്പിയുടെ പൂനം പാണ്ഡെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആചാര്യ പ്രമോദ് കൃഷ്ണവുമാണ് മത്സരരംഗത്ത്. മൂന്നുലക്ഷത്തോളം വരുന്ന ഷിയാ മുസ്ലിങ്ങളുടെ പിന്തുണ ഇക്കുറി ബിജെപിക്ക് ലഭിക്കില്ലെങ്കിലും രാജ്‌നാഥിന് വലിയ വെല്ലുവിളിയാകില്ല. റായ്ബറേലിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും വിജയം ഉറപ്പിച്ച നിലയിലാണ്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കടുത്ത മത്സരമാണ് ഉയര്‍ത്തുന്നതെങ്കിലും നെഹ്‌റു കുടുംബത്തിന്റെ കുത്തകയായ മണ്ഡലം രാഹുല്‍ ഗാന്ധിയെ കൈവിടില്ലെന്നാണ് വിലയിരുത്തല്‍.
ശേഷിക്കുന്ന 11 മണ്ഡലങ്ങളില്‍ ഏഴിടത്ത് എസ്പി– ബിഎസ്പി മഹാസഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുകണക്ക് നോക്കുമ്പോള്‍ ബിജെപിയേക്കാള്‍ മുന്നിലാണ്. ലഖ്‌നൗവിനോട് ചേര്‍ന്നുള്ള മോഹന്‍ലാല്‍ ഗഞ്ചില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ കൗശല്‍ കിഷോറിന് ലഭിച്ചത് 4.55 ലക്ഷം വോട്ടാണ്. എസ്പി– ബിഎസ്പി സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ചേര്‍ന്നാല്‍ 5.52 ലക്ഷമുണ്ട്. ഒരുലക്ഷത്തോളം വോട്ടിന് ബിജെപി പിന്നിലാണ്. അവധ് മേഖലയില്‍ വരുന്ന ബെറെയ്ച്ചില്‍ ചുരുങ്ങിയ വോട്ടുകള്‍ക്ക് മഹാസഖ്യം മുന്നിലാണ്. സീതാപുര്‍ മണ്ഡലത്തിലും വോട്ടുകണക്കില്‍ മഹാസഖ്യം മുന്നിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4.17 ലക്ഷം വോട്ടുനേടിയാണ് ബിജെപിയുടെ രാജേഷ് വര്‍മ ജയിച്ചത്. എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുകള്‍ ചേരുമ്പോള്‍ 5.22 ലക്ഷത്തിലെത്തും. 1.05 ലക്ഷം വോട്ടിന്റെ മുന്‍തൂക്കം മണ്ഡലത്തില്‍ മഹാസഖ്യത്തിനുണ്ട്. സരയൂനദി അതിരിടുന്ന കൈസര്‍ഗഞ്ച് മണ്ഡലത്തിലും മുന്‍ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം എഴുപതിനായിരത്തോളം വോട്ടിന്റെ മുന്‍തൂക്കം മഹാസഖ്യത്തിനുണ്ട്. ശക്തമായ ത്രികോണമത്സരം നടക്കുന്ന ദൗരാഹരയിലും വോട്ടുകണക്കില്‍ മഹാസഖ്യമാണ് മുന്നില്‍. ബിജെപിയേക്കാള്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ മഹാസഖ്യത്തിനുണ്ട്. രേഖാവര്‍മ തന്നെയാണ് വീണ്ടും മത്സരരംഗത്തുള്ളത്. ബിഎസ്പിയുടെ അര്‍ഷാദ് സിദ്ദിഖിയാണ് മഹാസഖ്യം സ്ഥാനാര്‍ഥി.
ബാണ്ട മണ്ഡലത്തില്‍ മുന്‍തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം മഹാസഖ്യത്തിന് ബിജെപിയേക്കാള്‍ മുക്കാല്‍ ലക്ഷം വോട്ട് അധികമുണ്ട്. ഗംഗയും യമുനയും അതിരിടുന്ന കൗസംബി മണ്ഡലത്തിലും മഹാസഖ്യം വോട്ടുകണക്കില്‍ ബിജെപിയേക്കാള്‍ മുന്നിലാണ്. 2014 ലെ വോട്ടുകണക്കുകള്‍ പ്രകാരം 1.60 ലക്ഷം വോട്ടിന്റെ മുന്‍തൂക്കം മഹാസഖ്യത്തിനുണ്ട്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ്, ഫത്തേപുര്‍, ബാരാബങ്കി, ഗോണ്ട മണ്ഡലങ്ങളില്‍ മാത്രമാണ് വോട്ടുകണക്കില്‍ ബിജെപി മുന്നിലുള്ളത്. ഫത്തേപുരില്‍ 7500 വോട്ടുകളുടെ മാത്രം മുന്‍തൂക്കമാണ് 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായിരുന്നത്. ബാരാബങ്കിയില്‍ 1.27 ലക്ഷം വോട്ടുകള്‍ക്ക് ബിജെപി മുന്നിലാണെങ്കിലും സിറ്റിങ് എംപിയെ മാറ്റിയത് അടക്കമുള്ള പ്രശ്‌നങ്ങള്‍ സംഘടനാതലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഫൈസാബാദില്‍ 1.4 ലക്ഷത്തിന്റെയും ഗോണ്ടയില്‍ 44000 വോട്ടുകളുടെയും മുന്‍തൂക്കം വോട്ടുകണക്കില്‍ ബിജെപിക്കുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പാര്‍ടികള്‍ക്കായി ന്യൂനപക്ഷ വോട്ടുകള്‍ ചിതറിയ സാഹചര്യത്തിലായിരുന്നു ഈ മുന്‍തൂക്കമെന്നത് ബിജെപിയെ അലട്ടുന്നു. മഹാസഖ്യം നിലവില്‍ വന്നതോടെ വോട്ട് ഏത് സ്ഥാനാര്‍ഥിക്ക് നല്‍കണമെന്ന ആശയക്കുഴപ്പം ന്യൂനപക്ഷങ്ങള്‍ക്കില്ല.
Post Your Comments