പെരുന്ന: വിവാഹത്തിലെ ആഡംബരത്തിനും ദൂര്‍ത്തിനുമെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി വീണ്ടും രംഗത്ത്. എന്‍എസ്എസ് മുഖപത്രമായ സര്‍വീസിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഇതുസംബന്ധിച്ചുള്ള ലേഖനം വന്നിരിക്കുന്നത്. ഇത്തരം അനാവശ്യമായ ആര്‍ഭാടം ഒഴിവാക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് എന്‍.എസ്.എസ് വ്യക്തമാക്കുന്നു
വിവാഹത്തിനാണെങ്കിലും ക്ഷണം ആവശ്യാനുസരണം പരിമിതപ്പെടുത്തുക, വിവാഹവേദി ആഡംബരരഹിതമാക്കുക, വിവാഹസമയം വധുവിനെ കുടുംബത്തിന്റെ കഴിവിനനുസൃതമായി സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുക, വേഷവിധാനങ്ങള്‍ ക്രമപ്പെടുത്തുക, കഴിവതും വിവാഹാനന്തരം പാരമ്പര്യവിധിപ്രകാരമുള്ള വിഭവസമൃദ്ധമായ സസ്യഭോജനം ഒരുക്കുക, മറ്റ് അനാവശ്യച്ചടങ്ങുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് വിവാഹധൂര്‍ത്ത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം
സമുദായാംഗങ്ങള്‍ക്കിടയിലെ വിവാഹധൂര്‍ത്ത് ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍വീസിലെ മുഖപ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും മന്നം ജയന്തി സമ്മേളനം ഉള്‍പ്പെടെയുള്ള വിവിധ സമ്മേളനങ്ങളിലൂടെയും ഇതിനുമുമ്പ് പല അവസരങ്ങളിലും എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. തന്മൂലം ആ രംഗത്ത് കുറെയേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടിയും, ഇന്നും വിവാഹം, ഉത്സവം, ഗൃഹപ്രവേശനം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ധൂര്‍ത്ത് ഇപ്പോഴും തുടരുന്നതായിത്തന്നെ പറയേണ്ടിയിരിക്കുന്നു
അന്ധവിശ്വാസവും അനാചാരവും, ആഡംബരഭ്രമവും, അടിയന്തരബഹുലതയും, കാലത്തിനു പറ്റാത്ത മരുമക്കത്തായവും കൊണ്ട്, പ്രഭാവമുള്ള മിക്ക നായര്‍ തറവാടുകളും നാഥനും നമ്പിയുമില്ലാതെ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണംചെയ്യുന്നതു കണ്ട ശ്രീ. മന്നത്തു പത്മനാഭന്‍, ഈ അവസ്ഥയില്‍ നിന്നും സമുദായത്തെ സമുദ്ധരിക്കാന്‍ ജീവിതകാലം മുഴുവന്‍ അനുഷ്ഠിച്ച ത്യാഗപൂര്‍ണവും നിസ്വാര്‍ത്ഥവുമായ സേവനം എന്നും നാം ഓര്‍ക്കേണ്ടതുണ്ട്. മുമ്പുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി, അണുകുടുംബങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓരോ കുടുംബവും സ്വയംപര്യാപ്തമാകണമെങ്കില്‍ അവര്‍ ഏതു ധൂര്‍ത്തിനോടും വിടപറയേണ്ടത് അനിവാര്യമാണ്.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഡംബരഭ്രമത്തിലും അടിയന്തരബഹുലതയിലും അകപ്പെട്ട്, തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന സമൂഹത്തെ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹത്തായ സംഘടനയ്ക്കു രൂപം നല്കി, അതിലൂടെ കര്‍മ്മനിരതമാക്കാന്‍ കഴിഞ്ഞെങ്കിലും, സമുദായം ഇന്ന് നേരിടുന്നതും പരിഹരിക്കപ്പെടേണ്ടതുമായ വെല്ലുവിളികളില്‍ മാരകമായിട്ടുള്ളത് മംഗല്യധൂര്‍ത്താണ്. നിരവധി കുടുംബങ്ങള്‍ കടക്കെണിയില്‍ വീഴാനും, സാമ്പത്തികത്തകര്‍ച്ചയ്ക്ക് ഇടയാകാനും ഇത്തരം ധൂര്‍ത്തുകള്‍ കാരണമാകുന്നു. ദുരഭിമാനമാണ് ഇതിനെല്ലാം കാരണം. പെണ്‍മക്കളെ ഒരു കുറവും കൂടാതെ, വിവാഹം നടത്തി അയയ്ക്കണമെന്ന ആഗ്രഹം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകാം. എന്നാല്‍ തങ്ങളുടെ സാമ്പത്തികസ്ഥിതി അറിഞ്ഞ് അതു നിര്‍വഹിക്കാനുള്ള ഇച്ഛാശക്തി, മാതാവിനും പിതാവിനും ഒരുപോലെ ഉണ്ടാകേണ്ടതാണ്. വിവാഹനിശ്ചയം മുതല്‍ അത് ശ്രദ്ധിക്കേണ്ടതാണ്.
വിവാഹവേദിയില്‍ വധുവിനെ അണിയിച്ചൊരുക്കുന്ന സ്വര്‍ണാഭരണങ്ങളുടെയും വേഷവിധാനങ്ങളുടെയും കാര്യത്തിലാണ് സാമ്പത്തികനില മറന്നുള്ള മത്സരം നടന്നുവരുന്നത്. വിവാഹസദ്യയുടെ കാര്യം പിന്നെ ചോദിക്കാനുമില്ല. ഇക്കാര്യത്തില്‍ മറ്റുള്ളവരോടൊപ്പം എത്താന്‍, കടമായും, സ്വന്തം കിടപ്പാടം പണയപ്പെടുത്തിയും തത്കാലകാര്യം കാണുന്നവര്‍, കടംകയറിയും കിടപ്പാടം നഷ്ടപ്പെട്ടും ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന എത്രയോ സംഭവങ്ങളാണ് കണ്ടുവരുന്നത്.
ക്ഷണക്കത്തുകള്‍ മുതല്‍ തുടങ്ങുന്നു ദുര്‍വ്യയങ്ങള്‍. വിവാഹനിശ്ചയങ്ങള്‍ പോലും വിവാഹം പോലെ ആര്‍ഭാടമാക്കുന്ന പതിവ്, വിവാഹനിശ്ചയത്തോടൊപ്പം മോതിരം കൈമാറുന്ന ചടങ്ങ്, വിവാഹത്തിന്റെ തലേന്നാള്‍ വധുവിന്റെ വീട്ടിലെ വിരുന്നുസത്കാരം, വിവാഹാനന്തരം വരന്റെ വീട്ടിലെ സായാഹ്നവിരുന്ന് – ഇങ്ങനെ പോകുന്നു അനാവശ്യച്ചടങ്ങുകള്‍. അനുകരണഭ്രമത്താലും, ദുരഭിമാനഭീതിയാലും സാധാരണക്കാര്‍ പലപ്പോഴും ഇത്തരം ചടങ്ങുകള്‍ക്ക് നിര്‍ബന്ധിതരാവുന്നു എന്നതാണ് വസ്തുത. അതോടെ അത്തരം കുടുംബങ്ങള്‍ നാശോന്മുഖമാകുന്നു. ഇത്തരം അനാവശ്യമായ ആര്‍ഭാടം ഒഴിവാക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ്.
വിവാഹനിശ്ചയച്ചടങ്ങ് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് നടത്താനും, അത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുക, വിവാഹത്തിനാണെങ്കിലും ക്ഷണം ആവശ്യാനുസരണം പരിമിതപ്പെടുത്തുക, വിവാഹവേദി ആഡംബരരഹിതമാക്കുക, വിവാഹസമയം വധുവിനെ കുടുംബത്തിന്റെ കഴിവിനനുസൃതമായി സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുക, വേഷവിധാനങ്ങള്‍ ക്രമപ്പെടുത്തുക, കഴിവതും വിവാഹാനന്തരം പാരമ്പര്യവിധിപ്രകാരമുള്ള വിഭവസമൃദ്ധമായ സസ്യഭോജനം ഒരുക്കുക, മറ്റ് അനാവശ്യച്ചടങ്ങുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് വിവാഹധൂര്‍ത്ത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ടത്. സമൂഹത്തില്‍ കൂടുതല്‍ സമ്പത്തുള്ളവരാണ് ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടത്.
അവരുടെ സ്വാര്‍ത്ഥതയും മത്സരവുമാണ് സാധാരണക്കാരെ ഇത്തരം ധൂര്‍ത്തിലേക്ക് പ്രേരിപ്പിക്കുന്നത്. അവരെ ഓര്‍ത്തെങ്കിലും, കഴിവതും ആര്‍ഭാടവും അനാവശ്യച്ചടങ്ങുകളും ഒഴിവാക്കി, സമ്പത്തുള്ളവര്‍ ഇക്കാര്യത്തില്‍ മിതവ്യയം പാലിച്ച് സമൂഹത്തിന് മാതൃകയാകുന്നത് നന്നായിരിക്കും. അധിക സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെങ്കില്‍, ആവശ്യത്തിനുമാത്രം വിവാഹവേദിയില്‍ പ്രദര്‍ശിപ്പിക്കുകയും, ബാക്കിയുള്ളത് സ്വത്തായി നല്‍കുകയും ചെയ്താല്‍, വിവാഹകാര്യത്തില്‍ സമൂഹത്തിലെ സാധാരണക്കാര്‍ നേരിടുന്ന വെല്ലുവിളിക്ക് ഒരളവു വരെ പരിഹാരം ആകുമായിരുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്ക് ഇത് മാതൃക ആയേനെ.(നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗത്തില്‍ നിന്ന്)
Post Your Comments