എറണാകുളം: എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനൽ മഴ ലഭിച്ച സാഹചര്യത്തില്‍ കൊതുകുജന്യരോഗങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഡെങ്കിപ്പനിക്കെതിരെ, ജാഗ്രത പാലിക്കാൻ നിർദേശം. മുന്‍ വർഷങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങൾ, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കള്‍,ടയറുകൾ, റബർ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ചിരട്ടകള്‍,ചെടിച്ചട്ടികളുടെ അടിയിൽ വെക്കുന്ന പാത്രങ്ങള്‍, വീടിന്റെ സൺഷെയ്ഡ്, മരപ്പൊത്തുകള്‍, കെട്ടിടനിർമ്മാണ സൈറ്റുകൾ, തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യം പൂർണമായും ഇല്ലാതാക്കണം.
ഇത്തരം ഇടങ്ങളില്‍ കൊതുകുകൾ മുട്ടയിടുകയും ഒരാഴ്ചക്കകം അവ പൂർണ്ണ വളർച്ച എത്തുകയും ചെയ്യും. അതിനാല്‍ ആഴ്ചയിലൊരു ദിവസം വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉള്ളിലും, പരിസരങ്ങളിലും കൊതുകുകൾ മുട്ടയിട്ടു പെരുകുവാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അവ ഇല്ലാതാക്കുവാനായി ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തണം.
പ്ലാന്റേഷനുകളിലും, കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും, ജോലിയെടുക്കുന്ന തൊഴിലാളികൾ കൊതുക് കടിയേൽക്കാതിരിക്കുവാനുള്ള വ്യക്തിസുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. കൊതുകുകടി ഏൽക്കാതിരിക്കുന്നതിനായി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന തരത്തിലുള്ള ലേപനങ്ങള്‍ പുരട്ടുക, പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനി പകരുന്നത് ഒരു പരിധി വരെ തടയുവാൻ സാധിക്കും. പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.
Post Your Comments