കൊല്ലം: ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും കാറില്‍ പതിച്ച യുവാവിനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു. പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള കാര്‍ ഇരവിപുരം പൊലീസായിരുന്നു പിടിച്ചെടുത്തത്. ഡബ്ളിയു.ബി 6, 8451 നമ്പരിലുള്ള ഹോണ്ട കാറിന്റെ ഉടമസ്ഥനായ 22കാരന് പള്ളിമുക്ക് സ്വദേശി മുഹമ്മദ് ഹനീഫിനെയാണ് ചോദ്യം ചെയ്ത്. സ്വന്തം ഇഷ്ടപ്രകാരമാണ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചതെന്നാണ് യുവാവിന്റെ മൊഴി.അതേ സമയം യുവാവിനെ കൗണ്‍സിലിങ്ങിനു വിധേയനാക്കാന്‍ പൊലീസ് തീരുമാനിച്ചു.
ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നതിനിടെ ആഗോള ഭീകരന്റെ ചിത്രവും പേരും പതിച്ച കാര്‍ ആഴ്ചകളായി നിരത്തിലൂടെ ഓടിയിട്ടും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗൗരവമായെടുത്തിരുന്നില്ല. ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ തട്ടാമല, കൂട്ടിക്കട, മയ്യനാട് ഭാഗങ്ങളിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലരാണ് കാറിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കാറിന്റെ ചിത്രം സഹിതം ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തുകയായിരുന്നു.
പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള കാര്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലത്ത് തന്നെയുള്ള ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നു വാങ്ങിയതാണെന്നാണ് യുവാവിന്റെ മൊഴി. സ്വയം നിര്‍മിച്ച ഒസാമ ബിന്‍ലാദന്റെ ചിത്രം സ്വന്തം ഇഷ്ടപ്രകാരമാണ് കാറില്‍ പതിച്ചത്. യുവാവിന്റെ കുടുംബ പശ്ചാത്തലവും ബന്ധങ്ങളും പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.അതേസമയം വാഹനത്തിന്റെ ഉടമ ഇപ്പോഴും പശ്ചിമബംഗാള്‍ സ്വദേശിയാണ്. സി.ആര്.പി.സി 102-ാം വകുപ്പ് പ്രകാരം പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. യുവാവിന് കാര്‍ വിറ്റ സുഹൃത്തിനെ ഉടന്‍ ചോദ്യം ചെയ്യും.
Post Your Comments