ഭുവനേശ്വര്‍(ഒഡീഷ): ജഗന്നാഥ സ്വാമിയുടെ പുരി നഗരം ഫോനി ചുഴലിക്കാറ്റില്‍ മണിക്കൂറുകൾ കൊണ്ട് തകർന്നു . ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി കെട്ടിടങ്ങള്‍ നിലംപതിച്ചു. മുന്‍കരുതലായി ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചിരുന്നതിനാല്‍ പ്രദേശം വിജനമാണ്. വൈദ്യുതി ബന്ധം വിചേ്ഛദിക്കപ്പെട്ടു. ഗതാഗതം നിലച്ചു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അപകടം മുന്നില്‍കണ്ട് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷിത മാര്‍ഗം തേടിപ്പോയി.മുന്‍കരുതലായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതോടെ തീരനഗരമായ പുരിയടക്കമുള്ള മേഖലകള്‍ ഏറെക്കുറെ വിജനമായിരുന്നു.
ഭുവനേശ്വര്‍, ഗോപാല്‍പുര്‍, ബെറാംപുര്‍, ബാലുഗാവ്, കട്ടക്ക്, ഖുര്‍ദ, ജാജ്പുര്, ഭദ്രക്, ബാലസോര്‍ തുടങ്ങിയ മേഖലകളിലും കാറ്റ് വന്‍നാശം വിതച്ചു. കനത്ത മഴയ്ക്കൊപ്പം വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത് ആഘാതം ഇരട്ടിയാക്കി. അതിശക്തമായ കാറ്റില്‍ മൊെബെല്‍ ടവറുകളും വൈദ്യുതിത്തൂണുകളും ഉള്‍പ്പെടെ നിലംപൊത്തി. കെട്ടിടങ്ങള്‍ക്കു മുകളിലേക്കും റോഡിനു കുറുകെയും വന്മരങ്ങള് കടപുഴകി. മേല്‍ക്കൂരകളും വാഹനങ്ങളും അടക്കം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി സംസ്ഥാനമൊട്ടാകെ 11 ലക്ഷത്തോളം പേരെയാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്.
പുരിയില്‍നിന്നു തീര്‍ഥാടകരേയും വിനോദസഞ്ചാരികളേയും ഒഴിപ്പിക്കുന്നതിനു മൂന്നു സ്പെഷല്‍ ട്രെയിനുകളാണു സര്‍വീസ് നടത്തിയത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ജഗന്നാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പുരിയില്‍ വ്യാപകമായി മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ എട്ടോടെ ഒഡീഷയിലെ പുരിയിലാണു കരയിലേക്കു കയറിയത്. മണിക്കൂറില്‍ 175 കിലോമീറ്ററായിരുന്നു കാറ്റഗറി-4ല്‍പ്പെടുന്ന കാറ്റിന്റെ വേഗം. ഫോണിയുടെ വരവറിയിച്ച് മണിക്കൂറുകള്‍ക്കു മുൻപേ സംസ്ഥാനമെമ്പാടും പെരുമഴ തുടങ്ങിയിരുന്നു.
ഇതിനിടയില്‍ ഫോണി ചുഴലിക്കാറ്റ് നാശം വിതച്ചെത്തിയപ്പോള്‍ ഇവിടെ റെയില്‍വേ ആശുപത്രിയില്‍ ഒരു പെണ്കുഞ്ഞു പിറന്നു. കാറ്റിനൊപ്പം വന്ന കുട്ടിക്ക് ‘ഫോണി’ എന്നു പേരിട്ടു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വരില്‍ നിന്നു അഞ്ചു കിലോമീറ്റര്‍ അകലെയുള്ള മഞ്ചേശ്വരിലെ റെയില്‍വേ ആശുപത്രിയിലാണ് രാവിലെ 11.03 ഓടെ പെണ്‍കുഞ്ഞ് പിറന്നതെന്ന് അധികൃതര്‍ പറഞ്ഞു. മഞ്ചേശ്വറിലെ റെയില്‍വേ കോച്ച് വര്‍ക്ക്ഷോപ്പ് ജീവനക്കാരിയായ 32 വയസുകാരിയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ കാറ്റ് വീശിയടിക്കുമ്പോള്‍ പുലര്‍ച്ചെ 11.03-നായിരുന്നു കുട്ടിയുടെ ജനനം.കാറ്റിന്റെ തീവ്രതയില്‍ ആശുപത്രിക്ക് ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. യുവതിയുടെ ആദ്യ പ്രസവമായിരുന്നു ഇത്. എന്നാല്‍, കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണോ കുട്ടിക്ക് ഫോണി എന്ന പേര് ഇട്ടതെന്നു സംശയമുണ്ട്.
Post Your Comments