KeralaLatest News

എംഇഎസ് കോളേജുകളില്‍ ‘മുഖാവരണം മാത്രമല്ല ജീന്‍സും ലെഗ്ഗിങ്സും നിരോധിച്ചിട്ടുണ്ടെന്ന് പി എ ഫസല്‍ ഗഫൂര്‍

തിരുവനന്തപുരം: എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബിന് മാത്രമല്ല ജീന്‍സ്, ലെഗ്ഗിങ്സ്, മിനി സ്കര്‍ട്സ് എന്നീ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എംഇഎസ് പ്രസിഡന്‍റ് പിഎ ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തി. ‘സ്ക്രോളി’ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജീന്‍സ് , ലെഗ്ഗിങ്സ് , മിനി സ്കര്‍ട്സ് മുതലായ വസ്ത്രങ്ങള്‍ മാന്യതയ്ക്ക് നിരക്കുന്നതല്ല. സമൂഹത്തില്‍ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കാനാണ് ഇത്തരം വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ സാരി അന്തസ്സുള്ള വസ്ത്രമായാണ് കണക്കാക്കുന്നത് എങ്കിലും മോശമായ രീതിയിലും സാരി ഉടുക്കാം. അതുകൊണ്ട് തന്നെ ഏതാണ് മോശം വസ്ത്രമെന്നും ഏതാണ് നല്ല വസ്ത്രമെന്നും കൃത്യമായി നിര്‍വചിക്കാന്‍ കഴിയില്ലെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

വിവിധ എംഇഎസ് സ്ഥാപനങ്ങളിലായി 65,000 ത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ എംഇഎസിനെ ഒരു രീതിയിലും ബാധിക്കുന്നില്ല. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇസ്ലാം മതത്തെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കാത്തവര്‍ ആണ്. ബുര്‍ഖയും ഹിജാബും നിഖാബുമെല്ലാം അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ വസ്ത്രധാരണ രീതികളാണ്. അവ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ല. ഓരോരുത്തര്‍ക്കും സ്വന്തം മതസ്ഥാപനങ്ങളില്‍ അവരുടെ മതാചാരങ്ങള്‍ പിന്തുടരാമെന്നും മറ്റുള്ളവരുടെ മതാചാരങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്നും എംഇഎസിനെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button