ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റിനെ പിന്തുണച്ച കണ്‍സര്‍വേറ്റിവ്, ലേബര്‍ എന്നീ പ്രമുഖ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. ബ്രെക്‌സിറ്റ് തീരുമാനമാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ജനം നല്‍കുന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും മുമ്പെങ്ങുമില്ലാത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്.
250 കൗണ്‍സിലുകളിലെ 8400 സീറ്റുകളിലേക്കാണ് ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1300ലധികം സീറ്റുകളാണ് നഷ്ടമായത്. ലേബര്‍ പാര്‍ട്ടി കൈവശം വെച്ചിരുന്ന നൂറോളം സീറ്റുകളും നഷ്ടമായിട്ടുണ്ട്. ലേബര്‍ നേതാക്കളും തന്റെ സ്വന്തം പാര്‍ട്ടിയിലെ ചിലരും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും മേ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി പിന്നിലാകാന്‍ കാരണം ബ്രെക്‌സിറ്റ് അനുകൂലനയം കാരണമാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും പറഞ്ഞു.
ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന ചെറുകക്ഷികളായ ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍ പാര്‍ട്ടികള്‍ക്കു വന്‍നേട്ടമാണ് ഉണ്ടായത്. ബ്രെക്‌സിറ്റിനെ അനുകൂലിച്ച യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കും തിരിച്ചടിയുണ്ടായി. ബ്രെക്‌സിറ്റ് എന്ന ജനഹിതം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ജനങ്ങള്‍ നല്‍കിയ സന്ദേശമാണിതെന്ന് പ്രധനന്ത്രി തെരേസാ മേ പറഞ്ഞു.
Post Your Comments