പുരി : ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയതോടെ ക്ഷേത്രങ്ങളുടെ പുണ്യഭൂമിയായ പുരി നഗരം ഇപ്പോള്‍ പ്രേതഭൂമിയായി. ചുറ്റിലും തകര്‍ന്ന കെട്ടിടങ്ങളും കടപുഴകിയ വീണു കിടക്കുന്ന വന്‍മരങ്ങളും. ചുറ്റിലും ശ്മശാനമൂകത മാത്രം.
മനോഹരമായ കടല്‍ത്തീരങ്ങളുടെ നാടാണു ജഗന്നാഥന്റെ മണ്ണായ പുരി. 180 കിലോമീറ്റര്‍ വേഗത്തില്‍ ഫോനി ചുഴലി കൊടുങ്കാറ്റ് ഇവിടെ ആഞ്ഞടിച്ചത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങളും കെട്ടിടങ്ങളും മറിഞ്ഞുവീണു. മുന്‍കരുതലായി ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചതിനാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. . പ്രദേശം വിജനമായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗതം നിലച്ചു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
അപകടം മുന്നില്‍കണ്ട് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷിത മാര്‍ഗം തേടിപ്പോയി. മുന്‍ കരുതലായി 10 ലക്ഷത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം മൂവായിരം കേന്ദ്രങ്ങളിലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഉണക്കപ്പഴങ്ങള്‍ നിറച്ച ഒരുലക്ഷം പാക്കറ്റുകള്‍ വിതരണത്തിനായി തയാറാക്കി. ഒരുകോടിയോളം ആളുകളെ ഫോനി ബാധിക്കുമെന്നാണു കണക്കുകൂട്ടല്‍.
പുരിയില്‍നിന്നു തീര്‍ഥാടകരേയും വിനോദസഞ്ചാരികളേയും ഒഴിപ്പിക്കുന്നതിന് മൂന്ന് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തി. ഒഡിഷയിലെ തുറമുഖങ്ങളും അടച്ചു. സുരക്ഷയ്ക്കായി ആറ് യുദ്ധക്കപ്പലുകളെ ഇന്ത്യന്‍ നാവികസേന അയച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന, ഗ്യാസ് ഉല്‍പാദകരായ ഒഎന്‍ജിസി 500 തൊഴിലാഴികളെ മാറ്റി.
എട്ടാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളെടുത്തിട്ടുണ്ട്. പുരിയില്‍ പലയിടത്തും മണ്ണിടിച്ചിലാണ്. ചില പൊലീസ് വാഹനങ്ങളും ട്രാക്ടറുകളും ചേര്‍ന്ന് മറിഞ്ഞുവീണ മതിലുകളും മരങ്ങളും നീക്കാന്‍ ശ്രമിക്കുന്നുണ്ട്. ബംഗാളിലെ നിരവധി സ്ഥലങ്ങളില്‍നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
Post Your Comments