കൊച്ചി : നാല്‍പതു വര്‍ഷമായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 400ല്‍ പരം മോഷണങ്ങള്‍ നടത്തിയിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവ് ചെന്നൈ സ്വദേശി ലോറന്‍സ്(72) എറണാകുളം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ചെങ്കല്‍ചൂളയില്‍ നിന്നും ചെറുപ്പത്തിലെ ചെന്നൈയിലേക്കു കുടിയേറി പാര്‍ത്ത കുടുംബമാണ് ലോറന്‍സിന്റേത്. ചെന്നൈ വൈപ്പേരിയാണ് സ്വദേശം.
വീടുകളും കടകളും കുത്തിത്തുറന്നു മോഷണം നടത്തുന്നതാണ് പതിവ്. ഇതിനിടെ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി 20 വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 5 പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരം ഇയാള്‍ അറസ്റ്റിലായി. അവിവാഹിതനായ പ്രതി മോഷ്ടിക്കുന്ന പണം സ്ത്രീകളോടൊപ്പം ചെലവഴിക്കുന്നതിനാണ് ഏറെയും ഉപയോഗിച്ചിരുന്നതെന്നു പൊലീസിനോടു പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷം എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മോഷണ സൗകര്യാര്‍ഥം എറണാകുളത്തു കഴിഞ്ഞ ഒരു മാസമായി മുറിയെടുത്തു താമസിക്കുന്നതിനിടെയാണു പിടിയിലായത്.
മോഷണമുതല്‍ വിറ്റ് സ്വന്തമാക്കിയ ആഡംബര ബൈക്കില്‍ കറങ്ങി നടന്നായിരുന്നു കൊച്ചിയിലെ മോഷണം. കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണത്തിനായി കറങ്ങുന്നതിനിടെ പൊലീസ് പട്രോളിങ് കണ്ട് നിര്‍ത്താതെ പോയ പ്രതിയെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് മേധാവി പി.എസ്. സുരേന്ദ്രന്‍ പറഞ്ഞു. ഇയാളില്‍ നിന്നും വീടു കുത്തിത്തുറക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇരുമ്പുകമ്പി, സ്‌ക്രൂഡ്രൈവറുകള്‍, ടോര്‍ച്ച് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.
Post Your Comments