ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി സര്‍ക്കാരിന്റെയും സാമ്പത്തിക നയത്തിന്റെ കടുത്ത വിമര്‍ശകനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്നിനെതിരെ വ്യാജ ആരോപണങ്ങളുമായി മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. നോബല്‍ ജേതാവായ അമര്‍ത്യാ സെന്നിന്റെ വിമര്‍ശനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാജപ്രചാരണം. നളന്ദ സര്‍വകലാശാലയുടെ ചാന്‍സിലര്‍ ആയി പ്രവര്‍ത്തിച്ച കാലയളവില്‍(2012 ജൂലൈ മുതല്‍ 2015 ജൂലൈ വരെ) അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും നടത്തിയെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായ ഭാരതി ജെയിനിന്റെ ആരോപണം. മോഡി അധികാരത്തില്‍ വന്നശേഷം ഇതെല്ലാം അവസാനിപ്പിച്ച് അമര്‍ത്യാ സെന്നിനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയതാണ് അദ്ദേഹത്തിന്റെ മോഡി വിരോധത്തിന് കാരണമെന്നും അവര്‍ ആരോപിച്ചു.
ഭാരതി ജെയിന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞതോടെ ഇതിനെ ചോദ്യം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ രംഗത്തെത്തി. ഇതോടെ ഭാരതി ജെയിന്‍ ട്വീറ്റുകള്‍ നീക്കം ചെയ്തു. എന്നാല്‍ ട്വിറ്റില്‍ നിന്നും ഇതേ ആരോപണങ്ങള്‍ ഏറ്റെടുത്ത ബിജെപി ഐടി സെല്ലും അനുകൂല മാധ്യമങ്ങളും കള്ളപ്രചരണം തുടരുകയാണ്.
വാസ്തവവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഈ പ്രചരണമെന്ന് അമര്‍ത്യാ സെന്‍ പറഞ്ഞു. മോഡി സര്‍ക്കാരിന് തന്നോടുള്ള എതിര്‍പ്പ് മാത്രമല്ല, നളന്ദ സര്‍വകലാശാലയോടുള്ള അവരുടെ സമീപനവും കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ചാന്‍സിലര്‍ ആകാനുള്ള ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ കാരണമായതായി അദ്ദേഹം ആള്‍ട്ട് ന്യൂസ് വെബ്സൈറ്റിനോട് പ്രതികരിച്ചു. നളന്ദ സര്‍വകലാശാലയുടെ ചാന്‍സിലര്‍ സ്ഥാനം ഒഴിയുന്നതിന് വളരെ മുന്‍പുതന്നെ മോഡിയുടെ സാമ്പത്തിക നയത്തിലെ വലിയ മണ്ടത്തരങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്, നളന്ദയുടെ ചാന്‍സിലര്‍ ആകുന്നതിന് മുന്‍പും അത് ചെയ്തിട്ടുണ്ട് അദ്ദേഹം പറഞ്ഞു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ കൊട്ടിഘോഷിച്ചിരുന്ന ‘ഗുജറാത്ത് വികസനമാതൃക’യെ അമര്‍ത്യാസെന്‍ വിമര്‍ശിച്ചിട്ടുണ്ട്.
Post Your Comments