മലപ്പുറം: വീണ്ടും എച്ച്1 എൻ1 , മലപ്പുറം ജില്ലയിൽ വീണ്ടും എച്ച്1എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. പാണ്ടിക്കാട് എആർ ക്യാന്പിലെ ഒന്പതു പോലീസുകാർക്കാണ് അസുഖം പിടിപ്പെട്ടിരിക്കുന്നത്.
പക്ഷേ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗത്തിനുള്ള മരുന്നു ജില്ലയിൽ സ്റ്റോക്കുണ്ടെന്നും ഇതു സൗജന്യമായി ലഭിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ആവശ്യമായ മുൻകരുതൽ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ മരുന്നു ലഭ്യമാക്കിയിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് എച്ച്1 എൻ1 രോഗത്തിന്റെ പ്രഥമലക്ഷണം. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്പോൾ തന്നെ ഡോക്ടറെ സമീപിക്കണം.
എച്ച്1 എൻ 1 ലക്ഷണങ്ങൾ കണ്ടാൽ ഗർഭിണികൾ, രണ്ടു വയസിനു താഴെയുള്ള കുട്ടികൾ, വയോധികർ, ദീർഘകാലമായി മറ്റു രോഗങ്ങൾക്കു മരുന്ന് കഴിക്കുന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, എന്നിവർ അസുഖ ലക്ഷണങ്ങൾ വരുന്പോൾ തന്നെ ഉടനടി ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.
Post Your Comments