KeralaLatest News

മോദിയുടെ പിന്നാലെ പിണറായിയും അംബാനിക്ക് സഹായം നല്‍കുന്നത് വഞ്ചന- രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പ് സ്വകാര്യ കുത്തക കമ്പനിയായ റിലയന്‍സിനെ ഏല്പിച്ചതിലൂടെ സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ ഒരിക്കൽ കൂടി വന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

സ്വകാര്യ കുത്തകകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും തരംകിട്ടുമ്പോഴെല്ലാം അവയെ വാരിപ്പുണരുകയും ചെയ്യുന്ന കാപട്യമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് കാര്യത്തിലും കാട്ടിയിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്രമോദി വഴിവിട്ട് റാഫേല്‍ യുദ്ധവിമാനക്കരാര്‍ നല്‍കിയ അനില്‍ അംബാനിയുടെ കമ്പനിക്ക് തന്നെയാണ് പിണറായി സര്‍ക്കാരും കരാര്‍ നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമായി പതിനൊന്നു ലക്ഷത്തോളം പേരാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ വരിക. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബങ്ങള്‍ക്ക് വര്‍ഷം രണ്ടു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും 250 രൂപ വീതം നല്‍കണം. ഇത് വഴി വര്‍ഷം 300 കോടിയിലേറെ രൂപയാണ് റിലയന്‍സിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ പോക്കറ്റിലെത്തുക. പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന അനില്‍അംബാനിയുടെ കമ്പനിയെ സഹായിക്കാന്‍ നരേന്ദ്ര മോദി കാണിച്ച ഉത്സാഹം തന്നെയാണ് ഇത് വഴി സംസ്ഥാനത്തെ ഇടതു സര്‍ക്കാരും കാണിച്ചിരിക്കുന്നത്. ഈ കരാര്‍ സംബന്ധിച്ച വിശദാംശം സര്‍ക്കാര്‍ ഇനിയും പുറത്തു വിടാത്തതും ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാതെ അവര്‍ക്ക് പരിധി ഇല്ലാത്ത ചികിത്സാ സഹായം നല്‍കിയിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തിയിട്ടാണ് ജീവനക്കാരില്‍ നിന്ന് വിഹിതം വാങ്ങി അവരുടെ ആരോഗ്യ പരിരക്ഷ കുത്തക കമ്പനിയെ ഏല്പിച്ച് സര്‍ക്കാര്‍ തടിയൂരുന്നത്. എന്നിട്ട് ഇത് വലിയ ക്ഷേമ പദ്ധതിയാണെന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. ഈ കരാറിന്റെ നിബന്ധനകളും വിശദാംശങ്ങളും പൂര്‍ണ്ണമായി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button