ന്യൂഡല്‍ഹി: ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിനെതിരെ നടപടികള്‍ ശക്തമാക്കുന്നു. അസറിന്റെ ആസ്തികല്‍ പാകിസ്ഥാന് മരവിപ്പിക്കേണ്ടി വരും. കൂടാതെ അസറിനെതിരെ യാത്രാ വിലക്ക്, ആയുധ ഇടപാട് തടയല്‍ എന്നീ നടപടികളും എടുക്കേണ്ടതായും വരും. അഗോള ഭീകരനെതിരെ അംഗരാജ്യങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ഐക്യരാഷ്ട്ര സഭ കൃത്യമായ നിര്‍ദേശം നല്‍കുന്നുണ്ട്. അല്‍പം പോലും വൈകാതെ ഫണ്ട് മരവിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം.
സാമ്പത്തിക ആസ്തിയും സാമ്പത്തിക സ്‌ത്രോതസും മരവിപ്പിക്കേണ്ടിവരും. അസറിന്റെ പേരിലെ ഭൂമിയോ മറ്റു സ്വത്തുക്കളോ കൈമാറാന്‍ പാകിസ്ഥാനും അംഗരാജ്യങ്ങളും അനുവദിക്കരുത്. അസറിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണം. തങ്ങളുടെ രാജ്യത്തേയ്ക്ക് പ്രവേശനം അംഗരാജ്യങ്ങള്‍ തടയണം. രാജ്യങ്ങള്‍ വിസ നിരീക്ഷക പട്ടികയില്‍ അസറിന്റെ പേര് ഉള്‍പ്പെടുത്തണം എന്നും ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.
സാങ്കേതിക പ്രശ്‌നം പറഞ്ഞാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ചൈന വീറ്റോ ചെയ്തത്. എന്നാല്‍ പുതിയ തെളിവുകള്‍ ഇന്ത്യ കൈമാറിയപ്പോള്‍ ചൈന എതിര്‍പ്പ് പിന്‍വലിക്കുകയായിരുന്നു. പാകിസ്ഥാനും തീരുമാനത്തിന് വഴങ്ങേണ്ടി വന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജയ്‌ഷെ തലവനെതിരെ പാകിസ്ഥാന് ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. ഇതില്‍ നിയമ നടപടിയെടുക്കാന്‍ പുതിയ സാഹചര്യത്തില്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദമേറുമെന്നാണ് വിലയിരുത്തുന്നത്. പുല്‍വാമ ഭീകരാക്രണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിഗണിച്ച് അസറിനെ പാകിസ്ഥാന്‍ ജയിലില്‍ അടയ്ക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്ന സുപ്രധാന കാര്യം.
പത്ത് വര്ഷമായി ഇന്ത്യ കാത്തിരുന്ന തീരുമാനമാണ് ഐക്യരാഷ്ട്ര സഭ ഇപ്പോള്‍സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 13 ന് അമേരിക്ക, ഇംഗ്ലണ്ട് ,ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.
എന്നാല്‍ ചൈന ഇതിനെ എതിര്‍ത്തു. ഇതിന് മുമ്പ് മൂന്ന് തവണ, ഇതേ ആവശ്യം ഉന്നയിച്ചുളള പ്രമേയം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാസാക്കാനായിരുന്നില്ല. അസ്ഹറിനെതിരെ ശക്തമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു ചൈനയുടെ വാദം. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിദേശാകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെത്തി അസ്ഹറിനെതിരെയുള്ള മുഴുവന്‍ തെളിവുകളും കൈമാറുകയായിരുന്നു.
അസറിന് നേരിട്ടോ അല്ലാതെയോ ആയുധങ്ങള്‍ കിട്ടുന്നില്ലെന്ന് ഉറപ്പാക്കണം. രാജ്യത്തിന് പുറത്തു നിന്ന് ആയുധങ്ങള്‍ എത്തുന്നില്ലെന്നും ഉറപ്പാക്കണം. സൈനിക പരിശീലനമോ സഹായമോ ഉപദേശമോ കിട്ടുന്നില്ലെന്നും അംഗരാജ്യങ്ങള്‍ ഉറപ്പാക്കണം. ഈ വിലക്ക് ലംഘിച്ച് ആരെങ്കിലും പ്രവര്‍ത്തിച്ചാലും നടപടിയെടുക്കണമെന്നും അംഗരാജ്യങ്ങളോട് യു എന്‍ നിര്‍ദേശിക്കുന്നു.
Post Your Comments