ജയ്പൂര്‍ : ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയില്‍ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനും ചൈനയ്ക്കും ഇത് ശക്തമായ മറുപടിയാണ്. രാജ്യം ഏതെങ്കിലും തരത്തിലുള്ള അപകടം ആരില്‍നിന്നെങ്കിലും നേരിട്ടാല്‍ ഉറവിടങ്ങളില്‍ചെന്ന് അവരെ ഇല്ലാതാക്കും. അവര്‍ നമുക്ക് നേരെ വെടിയുണ്ടകള്‍ ഉപയോഗിച്ചാല്‍, നമ്മള്‍ വര്‍ഷിക്കുന്നത് ബോംബുകളായിരിക്കും- ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകം ഇന്ത്യയെ കേള്‍ക്കാന്‍ തുടങ്ങിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇനി ആര്‍ക്കും നമ്മളെ അവഗണിക്കാന്‍ സാധിക്കില്ല. ഇതൊരു തുടക്കം മാത്രമാണെന്നു ഞാന്‍ തുറന്നു പറയുന്നു. അടുത്തത് എന്താണു നടക്കാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണുക. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ രാജ്യാന്തര സമൂഹവും ഇന്ത്യയുടെ ഒപ്പം നിന്നു.
അതുകൊണ്ടാണ് 130 കോടി ജനങ്ങള്‍ക്കു വേണ്ടി രാജ്യാന്തര സമൂഹത്തിനു കൃതജ്ഞത അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മസൂദ് അസ്ഹറിനെതിരായ നടപടിക്കു ശക്തമായ നീക്കങ്ങള്‍ നടത്തിയ ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാഷ്ട്രങ്ങള്‍ക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നതു കഴിഞ്ഞ പത്ത് വര്‍ഷമായി യുഎന്നില്‍ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യമാണ്. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ കൂടി വിജയമാണു യുഎന്നിന്റെ തീരുമാനം.
Post Your Comments