കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതില്‍ ജില്ലാ കളക്ടറെ വിമര്‍ശിച്ച് യുഡിഎഫ്. കളക്ടറുടെ പിന്തുണയോടെയാണ് സിപിഎം കള്ളവോട്ട് ചെയ്തത് എന്നാണ് യുഡിഎഫിന്റെ ആരോപണം. കള്ളവോട്ട് ചെയ്യുവാന്‍ ഇടതു മുന്നണിയുടെ ഭാഗത്ത് നിന്നുമുണ്ടായ ശ്രമങ്ങള്‍ക്ക് കളക്ടര്‍ പിന്തുണ നല്‍കി എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച അന്വേഷണത്തില്‍ നിന്നും ജില്ലാ കളക്ടറെ മാറ്റി നിര്‍ത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
കളക്ടര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു. കളക്ടറെ മാറ്റി നിര്‍ത്തി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യുഡിഎഫ് പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കളക്ടര്‍ ഡി.സജിത് ബാബുവിന് നേരെ വിമര്‍ശനം ഉയര്‍ന്നത്. വെബ്കാസ്റ്റിങ് പല ബൂത്തുകളിലും രണ്ട് മണിക്കൂറോളം നേരത്തെക്ക് തടസപ്പെട്ടിട്ടും കളക്ടര്‍ ഇടപെട്ടില്ലെന്നും ബിഎല്‍ഒമാര്‍ക്കെതിരെ നല്‍കിയ പരാതികള്‍ കളക്ടര്‍ പരിഗണിച്ചില്ലെന്നും യുഡിഎഫ് പറയുന്നു.
സംഭവത്തില്‍ കളക്ടര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് യുഡിഎഫ് തീരുമാനം. ഇടതുമുന്നണി കള്ളവോട്ട് നടത്തിയിട്ടുണ്ടെങ്കിലും 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതിയുടെ വിലയിരുത്തല്‍.
Post Your Comments