ഹൈദരാബാദ്: മുസ്ലിങ്ങളുടെ ശിരോവസ്ത്രമായ ബുർഖ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിന് AIMIM നേതാവായ അസദുദ്ദിൻ ഒവൈസിയുടെ നിശിത വിമർശനം. ‘CHOICE’ എന്നത് ഇപ്പോൾ ഒരു മൗലികാവകാശമാന്നും എന്ത് വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും നമ്മുടെ ഭരണഘടന നൽകുന്നുണ്ടെന്നും അതിനെ നിയന്ത്രിക്കാനുള്ള അധികാരമൊന്നും ആരും ശിവസേനയ്ക്ക് ചാർത്തിക്കൊടുത്തിട്ടില്ല എന്നും ഒവൈസി പ്രതികരിച്ചു.
ബുർഖ ദേശീയ സുരക്ഷയ്ക്ക് ആപത്താണെന്നും ശ്രീലങ്കയുടെ പാത പിൻതുടർന്ന് പ്രധാനമന്ത്രി മോദി, എത്രയും പെട്ടെന്ന് ബുർഖ നിരോധിക്കാനുള്ള ഉത്തരവിറക്കണം എന്നുമായിരുന്നു.ലേഖനത്തിലൂടെ ശിവസേന ബിജെപിയോട് ആവശ്യപ്പെട്ടിരുന്നത്.രാവണരാജ്യമായ ലങ്കയ്ക്ക് നേർദിശയിലുള്ള ഈ നടപടി നടപ്പിലാക്കാനുള്ള ധൈര്യമുണ്ടെങ്കിൽ രാമരാജ്യമായ ഇന്ത്യയ്ക്കെന്തേ അതിനുള്ള ആർജ്ജവമില്ലാത്തത് എന്നും ശിവസേന സാമ്‌നയിലൂടെ ചോദിച്ചിരുന്നു.
എന്നാൽ മറ്റുള്ള രാജ്യങ്ങളിലെ നിയമങ്ങളെപ്പറ്റി താനൊന്നും പറയുന്നില്ല എന്നും ഇന്ത്യൻ ഭരണഘടന എന്നത് ശിവസേനയ്ക്ക് ഒരുകാലത്തും മനസ്സിലാവാത്ത ഒരു നിയമാവലിയാണ് എന്നും വ്യക്തമാക്കിയ ഒവൈസി ഒരു സമുദായത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന ശിവസേനയ്‌ക്കെതിരെ കർശനമായ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും പറഞ്ഞു.
Post Your Comments