ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നോട്ടീസ് തള്ളി പ്രിയങ്കാ ഗാന്ധി. രാഹുല്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചത്. 2003ല്‍ ബാക്‌ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ യു.കെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. കമ്പനിയുടെ ആനുവല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പകുതി പിന്നിട്ടപ്പോഴാണ് ഇത്തരമൊരു നോട്ടീസ് നല്‍കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
Post Your Comments