Latest NewsKeralaIndia

യു.എസിലും കാനഡയിലും ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്, കോട്ടയത്ത് മൂന്നുപേർക്കെതിരെ കേസ്

രണ്ടു വര്‍ഷം മുന്‍പാണു കോട്ടയം നഗരത്തില്‍ ഫിനിക്‌സ്‌ കണ്‍സള്‍ട്ടന്‍സി ആന്‍ഡ്‌ ട്രാവല്‍ ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചത്‌.

കോട്ടയം: യു.എസിലും കാനഡയിലും ജോലി വാഗ്‌ദാനം ചെയ്‌തു നിരവധി പേരില്‍നിന്നായി ജോബ്‌ കണ്‍സള്‍ട്ടന്‍സി സ്‌ഥാപനം നാലു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. ഉടമയടക്കം മൂന്നു പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. ഫിനിക്‌സ്‌ കണ്‍സള്‍ട്ടന്‍സി സ്‌ഥാപന ഉടമ കൈപ്പുഴ ഇടമറ്റം റോബിന്‍ മാത്യു, ജീവനക്കാരായ ജെയിംസ്‌, നവീന്‍ എന്നിവര്‍ക്കെതിരേയാണു കോട്ടയം ഗാന്ധിനഗര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. രണ്ടു വര്‍ഷം മുന്‍പാണു കോട്ടയം നഗരത്തില്‍ ഫിനിക്‌സ്‌ കണ്‍സള്‍ട്ടന്‍സി ആന്‍ഡ്‌ ട്രാവല്‍ ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചത്‌.

അഞ്ചു മാസം മുമ്പ് എസ്‌.എച്ച്‌ മൗണ്ടിലെ കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റി. തുടര്‍ന്നു ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിദേശത്തേക്ക്‌ ആളുകളെ ജോലിക്കു കയറ്റി അയയ്‌ക്കുകയായിരുന്നു. ഇസ്രായേല്‍, ചെക്‌ റിപബ്ലിക്ക്‌, യു.എസ്‌.എ, കാനഡ എന്നീ രാജ്യങ്ങളിലാണു ജോലി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഒരു ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നു. ആറു മാസത്തെ വിസിറ്റിങ്‌ വിസയും, ഒപ്പം ജോലിയും നല്‍കുമെന്നായിരുന്നു പ്രധാന വാഗ്‌ദാനം. ഇതു വിശ്വസിച്ചാണ്‌ ആളുകള്‍ കണ്‍സള്‍ട്ടന്‍സി സ്‌ഥാപനത്തിനു പണം നല്‍കിയത്‌.

കഴിഞ്ഞ മാസം ഇസ്രയേലിലേക്കു നല്‍കിയ വിസിറ്റിങ്‌ വിസ വ്യാജമാണെന്ന്‌ എംബസിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച പോലീസ്‌ ഓഫിസില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു സ്‌ഥാപനം അടച്ചു പൂട്ടിയത്‌. ഇന്നലെ രാവിലെ ഓഫിസിനു മുന്നില്‍ എത്തിയ ഉദ്യോഗാര്‍ഥികള്‍ കണ്ടത്‌ ഓഫിസിന്റെ ഗേറ്റു പൂട്ടിക്കിടക്കുന്നതാണ്‌. തുടര്‍ന്ന്‌ പോലീസിനെ സമീപിക്കുകയായിരുന്നു.

സ്‌ഥാപനത്തിന്‌ സമീപത്തുള്ള ആഡംബര വീട്‌ തന്റെയാണെന്ന്‌ വിശ്വസിപ്പിച്ചും ഇയാള്‍ തട്ടിപ്പ്‌ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. തട്ടിപ്പു മനസിലായതോടെ കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട്‌, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 110 പേര്‍ പരാതി നൽകി. 250 പേരില്‍ നിന്നായി നാലു കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്‌. തുടര്‍ന്നു പ്രതിയുടെ ഓഫിസിലും വീട്ടിലും പരിശോധന നടത്തിയ പോലീസ്‌ സംഘം 84 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button