കൊച്ചി : മംഗള എക്സ്പ്രസ്സില്‍ തീപിടിത്തം. തീപിടിത്തത്തില്‍ കോച്ചിലെ നാല് ബെര്‍ത്തുകള്‍ കത്തിനശിച്ചു. നിസാമുദ്ദീന്‍ എറണാകുളം മംഗള എക്സ്പ്രസിന്റെ എസി കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 1.30ന് ഉഡുപ്പിക്കടുത്തു ബിജൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ബി4 തേഡ് എസി കോച്ചിലാണ് തീ പടര്‍ന്നത്. എസി മെക്കാനിക്കായ മണികണ്ഠനാണു തീ ആദ്യം കണ്ടത്. ഇയാള്‍ യാത്രക്കാരെ കോച്ചില്‍ നിന്നു മാറ്റി. യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി.
റെയില്‍വേ ട്രാക്കിനു സമീപമുളള വീട്ടിലെ കിണറ്റില്‍ നിന്നുളള വെള്ളം ഉപയോഗിച്ചു ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണു തീയണച്ചത്. ആദ്യ നാലു ബെര്‍ത്തുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പുക ശ്വസിച്ച യാത്രക്കാരിലൊരാള്ക്കു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. തീപിടിച്ച കോച്ച് ഒഴിവാക്കിയ ശേഷം ട്രെയിന്‍ പുലര്‍ച്ചെ നാലു മണിയോടെ യാത്ര തുടര്‍ന്നു. മംഗളൂരുവില്‍ നിന്നു മറ്റൊരു എസി കോച്ച് പിടിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
Post Your Comments