തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു. മത്സ്യം കിട്ടാനില്ലാതായതോടെ വില കുതിച്ചുയര്‍ന്നു. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം.
കടുത്ത ചൂടിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നത് കുറഞ്ഞിരുന്നു. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് കൂടി വന്നതോടെ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ പോകുന്നില്ല. ഇതോടെ മൂന്ന് ദിവസമായി വിപണിയിലേക്ക് മീന്‍വരവ് നന്നേ കുറഞ്ഞു. അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി. വലിയ അയക്കൂറക്ക് കിലോഗ്രാമിന് അഞ്ഞൂറ് രൂപയില്‍ നിന്ന് ആയിരത്തി ഇരുനൂറ് രൂപയായി. അഞ്ഞൂറില്‍ നിന്ന് ആവോലി വില എണ്ണൂറിലേക്കുയര്‍ന്നു. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സര്‍വ്വകാല റെക്കോര്‍ഡിലാണ്. 120 രൂപയുണ്ടായിരുന്ന മത്തിക്ക് 200ഉം, 140 രൂപയുണ്ടായിരുന്ന അയലയുടെ വില 280 രൂപയിലുമെത്തി.
ചെറുമീനായ നത്തോലി, മാന്ത എന്നിവയുടെ വിലയും ഉയരുകയാണ്. സ്രാവിനും വിലകൂടി. സ്രാവ് കിലോയ്ക്ക് 450 ഉം ചൂര, ചൂട എന്നിവയ്ക്ക് 200 രൂപയുമാണ് വില. കാലാവസ്ഥ മുന്നറിയിപ്പ് പിന്‍വലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുംവരെ ഈ സ്ഥിതി തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മീന്‍ വില കൂടിയതോടെ മാംസ വിപണിയില്‍ തിരക്കു കൂടിയിട്ടുണ്ട്.
Post Your Comments