Latest NewsKerala

സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങൾ വെളിപ്പെടുത്തി ജോമോള്‍ ജോസഫ് 

കൊച്ചി• നിസാര തൊണ്ടവേദനയും ചുമയുമായി സ്വകാര്യ ആശുപത്രിയിലെത്തിയ തന്നില്‍ നിന്നും 2,000 രൂപയിലേറെ ഈടാക്കിയതായി മോഡല്‍ ജോമോള്‍ ജോസഫ്. ഇപ്പോൾ മിക്ക സ്വകാര്യ ആശുപത്രികളിലും ഇതാണ് അവസ്ഥ, ആശുപത്രിയിലെത്തുന്ന ഓരോ രോഗിയും ആശുപത്രി മുതലാളിയുടെ കസ്റ്റമർ മാത്രമാണ്. ജോലി ചെയ്യുന്ന ഒരോ ഡോക്ടർമാർക്കും ടാർഗറ്റ് സെറ്റ് ചെയ്ത് കൊടുക്കുകയാണ്, ഓരോ മാസവും ഇത്ര ലക്ഷം രൂപയുടെ കച്ചവടം ആശുപത്രിക്ക് കൊടുക്കാനായി ബാധ്യതപ്പെട്ടവരാണ് ഓരോ ഡോക്ടർമാരും. ചെറിയൊരു തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയ എനിക്കിതാണ് അനുഭവമെങ്കിൽ, വലിയ വലിയ രോഗങ്ങളുമായി സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ അവസ്ഥയെന്തായിരിക്കുമെന്നും ജോമോള്‍ ചോദിക്കുന്നു.

ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങൾ..

കുറച്ച് നാളുകൾക്ക് മുമ്പ് അതി രാവിലെ തൊണ്ടവേദനയും ചുമയും ആയി ലേക്ഷോർ ആശുപത്രിയിൽ പോകേണ്ടിവന്നു. അതിരാവിലെ വേറെ ഡോക്ടർമാരൊന്നും അവെയ്ലബിൾ അല്ലാത്തതുകൊണ്ടാണ് അടുത്തുതന്നെയുള്ള ഹോസ്പിറ്റലിൽ പോയത്. രാത്രി വൈകി നല്ല തണുപ്പുള്ള ജ്യൂസ് കഴിച്ചതുകൊണ്ട് ത്രോട്ട് ഇൻഫെക്ടഡായതാണ് തൊണ്ടവേദനക്കും ചുമക്കും കാരണം.

അതിരാവിലെ ഒ.പി പ്രവർത്തിക്കാത്തതിനാൽ, ക്യാഷ്വാലിറ്റിയിൽ കാണിക്കേണ്ടി വന്നു. പരിശോധനക്ക് വന്നഡോക്ടറോട് കാര്യം പറഞ്ഞു, ഡോക്ടർ എക്സ്റേം ബ്ലഡ് ടെസ്റ്റ് അടക്കം ടെസ്റ്റുകൾ കുറിക്കുന്നു, ടെസ്റ്റുകൾക്ക് ശേഷം ഡോക്ടർ നെബുലൈസേഷനും, ആന്റിബയോട്ടിക് ഇൻജക്ഷനും എടുക്കുന്നു. രണ്ട് മണിക്കൂറോളം എന്നെ കാഷ്വാലിറ്റിയിൽ കിടത്തുന്നു, പോരാൻ നേരം ബില്ലു തന്നു, രണ്ടായിരം രൂപക്ക് മുകളിലുള്ള മനോഹരമായ ബിൽ. അതു കൂടാതെ തുടർന്ന് കഴിക്കേണ്ട മരുന്നുകളും എഴുതിതന്നു, പോരുമ്പോൾ ഒരു ഉപദേശവും “ഒന്നുരണ്ടാഴ്ച കൊണ്ടേ തൊണ്ടവേദനയും ചുമയും മാറൂ”.. പിന്നെന്തിനാണ് അറുന്നൂറ് രൂപയോളം വിലയുള്ള ആന്റിബയോട്ടിക് ഇൻജക്ഷൻ തണുപ്പ് കൂടിയ ജ്യൂസ് കഴിച്ച് വന്ന നിസാരമായ ഒരു തൊണ്ടവേദനക്ക് എടുപ്പിച്ചതെന്ന സംശയം ഇപ്പോഴും ബാക്കിയാണ്.

ഇപ്പോൾ മിക്ക സ്വകാര്യ ആശുപത്രികളിലും ഇതാണ് അവസ്ഥ, ആശുപത്രിയിലെത്തുന്ന ഓരോ രോഗിയും ആശുപത്രി മുതലാളിയുടെ കസ്റ്റമർ മാത്രമാണ്. ജോലി ചെയ്യുന്ന ഒരോ ഡോക്ടർമാർക്കും ടാർഗറ്റ് സെറ്റ് ചെയ്ത് കൊടുക്കുകയാണ്, ഓരോ മാസവും ഇത്ര ലക്ഷം രൂപയുടെ കച്ചവടം ആശുപത്രിക്ക് കൊടുക്കാനായി ബാധ്യതപ്പെട്ടവരാണ് ഓരോ ഡോക്ടർമാരും. ഒരു മാസം വരുന്ന രോഗികളുടെ എണ്ണം കുറയുകയോ, വരുന്ന രോഗികളിൽ നിന്ന് ടാർഗറ്റ് കണ്ടെത്താനാകുകയോ ചെയ്യാതെ വന്നാൽ, തനിക്ക് മുന്നിൽ എത്തിപ്പെട്ട ഓരോ രോഗിയിൽ നിന്നും തന്റെ ടാർഗറ്റ് അച്ചീവ് ചെയ്യാനായി അവർ നിർബന്ധിതരാകുകയാണ്. നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികൾക്കായി ചികിൽസകൾക്കും, ടെസ്റ്റുകൾക്കും, മരുന്നുകൾ നിർദ്ദേശിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും, രോഗികളെ പിഴിയുന്ന അവസ്ഥ ഇല്ലാതാക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ബാധ്യതയുണ്ട്. കാരണം ചെറിയൊരു തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയ എനിക്കിതാണ് അനുഭവമെങ്കിൽ, വലിയ വലിയ രോഗങ്ങളുമായി സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ അവസ്ഥയെന്തായിരിക്കും. ലക്ഷക്കണക്കിന് രൂപ കൈയ്യിൽ കാണാതെ സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാകാത്ത അവസ്ഥയിലാണ് കേരളത്തിലെ ഓരോ രോഗിയും.

അന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോകാതെ, പത്ത് കിലോമീറ്റർ കൂടി സ്കൂട്ടറോടിച്ച്, എറണാകുളം ജനറൽ ആശുപത്രിയിൽ പോയിരുന്നെങ്കിൽ, നൂറ് രൂപയിൽ താഴെ തീരേണ്ടതും, അതല്ല ഒരു ഡോക്ടറെ വീട്ടിൽ പോയി കണ്ടിരുന്നെങ്കിൽ കൂടി വന്നാൽ ഇരുന്നൂറ് രൂപ കൺസൾട്ടേഷൻ ഫീസും, ഏറിയാൽ നൂറ്റമ്പത് രൂപയുടെ മരുന്നുമടക്കം മുന്നൂറ്റമ്പത് രൂപയിൽ തീരേണ്ടതുമായ എന്റെ തൊണ്ടവേദനകൊണ്ട് ലേക് ഷോറെന്ന ആശുപത്രി നേടിയത് രണ്ടായിരം രൂപയുടെ മുകളിലുള്ള കച്ചവടമാണ്.

നബി – പോസ്റ്റും ഫോട്ടോയുമായി എന്താ ബന്ധമെന്ന് ചോദിക്കണമെന്നില്ല, യാതൊരു ബന്ധവും പോസ്റ്റും ഫോട്ടോയുമായില്ല, എന്റെ പോസ്റ്റുകളിൽ എന്റെ ഫോട്ടോ തന്നെ ഉപയോഗിക്കാനാണ് തൽക്കാലം എന്റെ തീരുമാനം.

https://www.facebook.com/photo.php?fbid=2352860501704705&set=a.1492155887775175&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button