കൊളംബോ: ശ്രീലങ്കയില്‍ നടന്ന ചാവേര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രങ്ങളില്‍ യുഎസ് വനിതയുടെ ചിത്രവും തെറ്റായി ഉള്‍പ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് പൊലീസ് തിരയുന്ന ഏഴ് പേരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ഈ പട്ടികയിലെ മൂന്ന് സ്ത്രീകളിലൊരാളുടെ ചിത്രമാണ് തെറ്റായി ചേര്‍ത്തത്. ഫാത്തിമ ഖദിയ എന്ന പേരില്‍ പൊലീസ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത് അമാറ മജീദ് എന്ന യുഎസ് മുസ്ലീം യുവതിയുടെ ചിത്രമായിരുന്നു. അമാറയുടെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ വംശജരാണ്. ട്വിറ്ററിലൂടെ അമാറ തന്നെയാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്.
ഇതോടെ അബദ്ധം പറ്റിയതായി ശ്രീലങ്കന്‍ പൊലീസ് വക്താവ് സമ്മതിച്ചു. ഇതിന് പിന്നാലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ അക്കൗണ്ടും ശ്രീലങ്കന്‍ പൊലീസ് ഡിലീറ്റ് ചെയ്തു.അതേസമയം ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ടൂറിസം മേഖലയിലുള്‍പ്പെടെ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഈ വര്‍ഷം ടൂറിസം രംഗത്ത് 150 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി മംഗള സമരവീര വ്യക്തമാക്കി. 500 കോടിയായിരുന്നു ഈ വര്‍ഷത്തെ വരുമാന പ്രതീക്ഷ. ഇതില്‍ 30 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി.
ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഹോട്ടലുകളിലും ലോഡ്ജുകളിലും പ്രവേശനം നല്‍കാവു എന്ന നിര്‍ദ്ദേശമുണ്ട്. ഹോട്ടലുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 253 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്.
കൊല്ലപ്പെട്ടവരില്‍ 40ഓളം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ചൈനയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ പൗരന്മാരോട് ശ്രീലങ്കയിലേക്ക് പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടൂറിസത്തില്‍ നിന്ന് വലിയ വരുമാനം ശ്രീലങ്കക്ക് ലഭിച്ചിരുന്നു.
Post Your Comments