കൊച്ചി: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസില്‍ 3 യുവാക്കള്‍ക്കു മര്‍ദനമേറ്റ കേസില്‍ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ബസിലെ യാത്രക്കാരായ ആലപ്പുഴ സ്വദേശി അജയഘോഷ്, സേലത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളും മലയാളികളുമായ സച്ചിന്‍, അഷ്‌കര്‍ എന്നിവര്‍ക്കാണ് വൈറ്റിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ മര്‍ദനമേറ്റത്.
കല്ലട ബസിലെ ജീവനക്കാരുടെ മര്‍ദനത്തിനെതിരെ കൂടുതല്‍ പരാതികള്‍ കേരളത്തിന്റെ പലഭാഗങ്ങളിലും ഉയരുന്നുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. കല്ലട ബസുകളില്‍ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണം. ഒരു യാത്രക്കാരന്റെ നഷ്ടപ്പെട്ട ലാപ്ടോപ്പും തിരികെ കിട്ടാനുണ്ട്. സംഭവങ്ങളെക്കുറിച്ചുള്ള പ്രതികളുടെ ആദ്യ മൊഴികളില്‍ വൈരുധ്യമുണ്ട്. ഇതിനാലാണു കസ്റ്റഡി ആവശ്യം. മരട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചൊവ്വാഴ്ചയാണ് റിമാന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ബസ് ഉടമ സുരേഷ് കുമാര്‍ നേരിട്ട് ഇടപെട്ടതായി ഇതുവരെയും തെളിവുകളില്ല. അക്രമികളുമായി അദ്ദേഹം ബന്ധപ്പെട്ടതിന് ഫോണ്‍വിളി രേഖകളും ലഭിച്ചിട്ടില്ല. കേസില്‍ കുറച്ചു കാര്യങ്ങള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും ആവശ്യമെങ്കില്‍ സുരേഷ് കുമാറിനെ വീണ്ടും വിളിച്ചു വരുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ സ്റ്റ്യുവര്‍ട്ട് കീലര്‍ അറിയിച്ചു. ബസിന്റെ ദൈനംദിന കാര്യങ്ങള്‍ ജനറല്‍ മാനേജരാണ് നോക്കുന്നതെന്നും മര്‍ദനത്തെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സുരേഷ് കുമാര്‍ മൊഴി നല്‍കി. വ്യാഴാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയാണ് അവസാനിച്ചത്.
Post Your Comments