Latest NewsGulfQatar

ഇന്‍ഡിഗോ എയര്‍വേയ്‌സ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കുന്നു

ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഇന്‍ഡിഗോ എയര്‍വേയ്‌സ് തീരുമാനിച്ചു. മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ജറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതിന് പിന്നാലെ ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം സര്‍വീസാണ് അടുത്ത മാസം രണ്ട് മുതല്‍ നിര്‍ത്തുന്നത്.

താല്‍ക്കാലികമായാണ് നിര്‍ത്തുന്നതെന്നും മൂന്ന് മാസത്തിനകം പുനരാരംഭിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം കൂടാതെ വാണിജ്യപരമായ കാരണങ്ങളാണ് നീക്കത്തിന് പിന്നിലെന്നും അധികൃതര്‍ പറയുന്നു. താരതമ്യേന നിരക്കിളവുള്ള യാത്രകള്‍ക്കായി യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്‍വീസാണ് ഇന്‍ഡിഗോയുടെത്. ജറ്റ് എയര്‍വേയ്‌സിന് പിന്നാലെ ഇന്‍ഡിഗോയും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം സര്‍വീസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. വേനലവധി യാത്രക്കാര്‍ കൂടുതല്‍ ഉള്ള സമയത്തു തന്നെ സര്‍വീസ് നിര്‍ത്തിയത് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികള്‍ക്ക് ഇരുട്ടടിയായി.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാരുടെ കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ടിക്കറ്റ് തുക മടക്കിക്കിട്ടാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരോട് മുംബൈ, ഡല്‍ഹി വഴി യാത്ര മാറ്റാനാണ് മറുപടി ലഭിക്കുന്നത്. ഇന്‍ഡിഗോയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവരോടാണ് ഇങ്ങനെ നിര്‍ദേശിക്കുന്നത്. ഏജന്‍സി വഴി ടിക്കറ്റ് എടുത്തവര്‍ക്ക് ഏജന്‍സികള്‍ തന്നെ ടിക്കറ്റ് മറ്റ് വിമാനകമ്പനികളിലേക്ക് മാറ്റി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഫെബ്രുവരി മധ്യത്തില്‍ 985 റിയാലിന് ടിക്കറ്റ് എടുത്തവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിലേക്ക് ടിക്കറ്റ് മാറ്റിയപ്പോള്‍ 1600 റിയാലാണ് ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button