ഇന്ത്യ ആരു ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തലപൊക്കി വരുന്നുണ്ടെങ്കിലും അധികാരം വീണ്ടെടുക്കാനുള്ള പ്രാപ്തി ആയിട്ടില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തന്നെ വീണ്ടും അധികാരത്തിലെത്തിയേക്കും. പ്രധാനമന്ത്ര പദത്തില്‍ മോദി വരുന്നതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. സഖ്യകക്ഷികളില്‍ പോലും ഈ അഭിപ്രായവ്യത്യാസം പ്രതിഫലിച്ചതാണ്. പക്ഷേ എന്‍ഡിഎ സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രി ആരായിരിക്കണമെന്ന ചോദ്യത്തിന് ഒറ്റക്കെട്ടായി ലഭിക്കുന്ന ഒറ്റയുത്തരം സുഷമ സ്വരാജ് എന്നു തന്നെയായിരിക്കും. സുഷമയല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് കാണാന്‍ പറ്റാത്തവിധം അവര്‍ ഏറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു എന്നതില്‍ പ്രതിപക്ഷത്തിന് പോലും അഭിപ്രായവ്യത്യാസമുണ്ടാകില്ല.
അന്നും ഇന്നും ആശ്വസമായി സുഷമ
ഏറ്റവും അവസാനം കൊളംബോയിലെ ചാവേറാക്രമണത്തിലും ഒരു നിമിഷം പോലും കളയാതെ ലങ്കയില്‍പ്പെട്ടുപോയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടായിരുന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. നിര്‍ദേശങ്ങള്‍ നല്‍കിയും ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ട്വീറ്റ് ചെയ്തും, വിവിധ വകുപ്പുകള്‍ക്ക് വിവരങ്ങള്‍ നല്‍കിയും ഭയക്കേണ്ടെന്ന് ജനങ്ങളെ നിരന്തരം ഓര്‍മ്മിപ്പിച്ചും ജനങ്ങള്‍ക്കൊപ്പമായിരുന്നു അവര്‍. ഇതാദ്യമായല്ല ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി ഭീകരര്‍ കയ്യേറിയപ്പോഴും അസാധാരണ മനക്കരുത്തോടെ സമചിത്തതയോടെ പ്രശനത്തില്‍ ഇടപെട്ട് ഇന്ത്യക്കാര്‍ക്ക് ഒപ്പമുണ്ടെന്ന വിശ്വാസം നല്‍കി ആ വിശ്വാസം കാത്തുസൂക്ഷിച്ച് നിന്നിട്ടുണ്ട് സുഷമ സ്വരാജ് എന്ന കേന്ദ്രവിദേശകാര്യമന്ത്രി.
2009 ല്‍ വിദിഷ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കനത്ത ഭൂരിപക്ഷത്തോടെ വിജയിച്ചെത്തിയ സുഷമയായിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ്. രണ്ടായിരത്തി പതിനാലില്‍ എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ പ്രമുഖ വകുപ്പ് അവരെയോല്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥിയാകാനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനോ പറ്റുന്ന ആരോഗ്യസ്ഥിതിയിലല്ല താനെന്ന് അവര്‍ തുറന്നു പറഞ്ഞിരുന്നു. പക്ഷേ അതിനര്‍ത്ഥം അവര്‍ രാഷ്ട്രീയരംഗത്ത് നിന്ന് വിട പറയുകയാണെന്നല്ല. അണുബാധയും അലര്‍ജിയും വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ട് ഡോക്ടര്‍മാരില്‍ നിന്ന് സുഷമക്ക്. പൊടിപടലങ്ങളില്‍പ്പടാതെ പ്രചാരണം അസാധ്യമായതുകൊണ്ട് കഴിയുന്നത്ര റാലികളും പൊതുപരിപാടികളും അവര്‍ ഒഴിവാക്കുന്നുമുണ്ട്.
വാജ്പേയിക്കും മോദിക്കും നിഷേധിക്കാനാകാത്ത സാന്നിധ്യം
വാജ്പേയി യുഗത്തിലും മോദി ഷാ യുഗത്തിലും ബിജെപിയിലെ നിറഞ്ഞ സാന്നിധ്യമായി ഒഴിവാക്കാനാകാത്ത വ്യക്തിത്വമായി നില്‍ക്കാനും വളരാനും കഴിയുന്നു എന്നതാണ് സുഷമ സ്വരാജിന്റെ നേട്ടം. അതേസമയം മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ തീര്‍ത്തും പിന്തുണച്ച വ്യക്തിയുമായിരുന്നില്ല അവര്‍. എന്നിട്ടും മോദി മന്ത്രിസഭയില്‍ തന്റേതായ സ്ഥാനവും പേരും അവര്‍ നിലനിര്‍ത്തി. വിദേശകാര്യമന്ത്രി എന്ന നിലയില്‍ മോദിക്കാപ്പം എല്ലാ യാത്രകളിലും സഞ്ചരിച്ചിട്ടില്ല. എന്തിന് നിര്‍ണായകസമയങ്ങളില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍പോലും അവര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിട്ടും വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിര്‍വഹിക്കുകയും അത് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വഴി നേരിട്ട് ജനങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ട്വിറ്റര്‍ മന്ത്രി എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി, പക്ഷേ ജനം അവര്‍ക്കൊപ്പമായിരുന്നു. നിശിതമായ വിമര്‍ശനവും കൃത്യമായ മറുപടിയുമായി സുഷമ സ്വരാജ് എന്ന അസാധാരണ സ്ത്രീ കൂടുതല്‍ ശക്തയാകുകയായിരുന്നു.
സുഷമ സ്വരാജ് എന്ന ഒന്നാംസ്ഥാനക്കാരി
പലതിലും ഒന്നാംസ്ഥാനക്കാരിയായ വനിതാ ബിജെപി നേതാവാണ് സുഷമ സ്വരാജ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യവനിതാമന്ത്രിയും ഡല്‍ഹിയുടെ ആദ്യവനിതാ മുഖ്യമന്ത്രിയും ബിജെപിയുടെ ആദ്യ വനിതാ ജനറല്‍ സെക്രട്ടറിയും ആദ്യവനിതാ വക്താവും വനിതാ പ്രതിപക്ഷനേതാവും സുഷമ സ്വരാജായിരുന്നു. രാജ്യത്തെ ആദ്യവനിതാ വിദേശകാര്യമന്ത്രിയെന്ന സ്ഥാനവും സുഷമ സ്വരാജ് സ്വന്തമാക്കി. ആര്‍എസ്എസുകാരനായ പിതാവിന്റെ വഴി പിന്തുടര്‍ന്ന സുഷമക്ക് രാഷ്ട്രീയം മറ്റൊരാള്‍ പറഞ്ഞുനല്‍കേണ്ട വിഷയമായിരുന്നില്ല. ഹരിയാനയിലെ അംബാനയിലായിരുന്നു ജനനം. സംസ്‌കൃതവും പോളിറ്റിക്സും ഐഛികവിഷയങ്ങളാക്കി ബിരുദം. എബിവിപിയിലും തുടര്‍ന്ന് ജനതാപാര്‍ട്ടിയിലും സജീവമായി. എല്‍എല്‍ബി പഠനത്തിന് ശേഷം 1973 മുതല്‍ സുപ്രീംകോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങി. ഇരുപത്തിയഞ്ചാം വയസ്സില്‍ ഹരിയാനമന്ത്രിസഭാംഗമായി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. രണ്ട് വര്‍ഷത്തിനുള്ളില്‍ ജനതാ പാര്‍ട്ടിയുടെ ഹരിയാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഒരു ദേശീയപാര്‍ട്ടിയുടെ ആദ്യവനിതാ വക്താവ് എന്ന സ്ഥാനവും സുഷമ സ്വരാജ് നേടി. നാല് സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് തവണ തെരഞ്ഞെടുപ്പിനെ നേരിട്ടു. ഏഴ് തവണ ലോക്സഭയിലും മൂന്ന് തവണ നിയമസഭയിലുമെത്തി.
1999 ലെ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ബെല്ലാരിയിലായിരുന്നു എല്ലാകണ്ണുകളും. പാരമ്പര്യമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ബെല്ലാരിയില്‍ നെഹ്റു കുടുംബത്തിന്റെ തലയെടുപ്പുമായിറങ്ങിയ സോാണിയാഗാന്ധിയെ നേരിടാന്‍ സുഷമയെത്തി. ബിജെപിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തില്‍ അവര്‍ അതിശയം സൃഷ്ടിച്ചു. 3, 58000 വോട്ടുകള്‍ പിടിച്ചെടുത്ത് സോണിയയുടെ ഭൂരിപക്ഷം വെറും 5611ല്‍ ഒതുക്കാന്‍ സുഷമയ്ക്കായി. ഇത്തവണ വിദിശയില്‍ നിന്ന് നാല് ലക്ഷത്തിലധികം വേട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനങ്ങള്‍ അവരുടെ സുഷമാജിയെ വിജയിപ്പിച്ചത്.
പാര്‍ലമെന്റിനെ നിശബ്ദമാക്കുന്ന വാഗ്മി
തിളച്ചുമറിയുന്ന പ്രക്ഷുബ്ധതയിലും പാര്‍ലമെന്റില്‍ സുഷമ സ്വരാജ് സംസാരിക്കുമ്പോള്‍ പലരും നിശബ്ദരാകും. വാഗ്മിയായ ആ പ്രാസംഗികയെ മുഷിവില്ലാതെ മണിക്കൂറുകളോളം പ്രതിപക്ഷാംഗങ്ങള്‍ പോലും ശ്രവിച്ചു. ഭരണപക്ഷത്ത് നിന്ന് സംസാരിക്കുമ്പോള്‍ അനുകൂലനിലപാട് നേടാനും പ്രതിപക്ഷത്താകുമ്പോള്‍ ശക്തമായ വിയോജിപ്പ് ബോധ്യപ്പെടുത്താനും സുഷമക്ക് കഴിഞ്ഞിരുന്നു. അവരുടെ ഇച്ഛാശക്തിയും ഉറച്ച നിലപാടും കാരണം ബജെപിയുമായി സഖ്യം കാംക്ഷിച്ചെത്തിയ നല്ല പശ്ചാത്തലമില്ലാത്ത പല രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. നയതന്ത്രജ്ഞയായ വിദേശകാര്യമന്ത്രിയെന്ന പദവി സുഷമക്ക് അനായാസം വഴങ്ങുമെന്നതിന് ഇനി സാക്ഷ്യപത്രമോ തെളിവോ ആവശ്യമില്ല. ആവശ്യം അടുത്ത മന്ത്രിസഭയിലും സുഷമ സ്വരാജ് എന്ന കരുത്തുറ്റ വിദേശകാര്യമന്ത്രിയെ തന്നെയാണ്.
Post Your Comments