കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് ടൂറിസം മേഖലയില്‍ കനത്ത തിരിച്ചടിയാകുന്നു. സഞ്ചാരികളുടെ വരവ് കുറയുകയും നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകുകയും ചെയ്തു. വയനാട് പ്രകൃതി സംരക്ഷണസമിതി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവാ ദ്വീപ്, സൂചിപ്പാറ, ചെമ്പ്ര പീക്ക്, മീന്‍മുട്ടി എന്നീ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമാണ് നിശ്ചലമായത്. പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നത് ജില്ലയുടെ സമ്പദ്വ്യവസ്ഥയെതന്നെ ബാധിക്കുകയാണ്.
സാങ്കേതികമായി ലഭിക്കേണ്ട കേന്ദ്രാനുമതിയില്ലെന്ന കാരണം പറഞ്ഞാണ് ടൂറിസം കേന്ദ്രങ്ങള്‍ അടപ്പിച്ചത്. ഇതിനെതിരെ ടൂറിസം മേഖലയിലുള്ളവരുടെ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റിയും വനം വകുപ്പും ഹൈക്കോടതിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്. കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. നാല് വനസംരക്ഷണ സമിതികള്‍ ഹൈക്കൊടതിയിലെ കേസില്‍ കക്ഷിചേരും. കുറുവയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ സമിതി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നിയന്ത്രണം പിന്‍വലിപ്പിക്കണമെന്നതാണ് ഇവരുടെ ആവശ്യം. പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലുമാണ് കര്‍മസമിതി.
വനത്തിലെ വളരെ ചെറിയ ഭാഗങ്ങളില്‍ മാത്രമാണ് ഇക്കോ ടൂറിസം നടപ്പാക്കുന്നത്. നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ആദിവാസികളടക്കം 220 ഓളം പേര്‍ നേരിട്ട് ജോലി ചെയ്യുന്നുണ്ട്. ഈ ടൂറിസം പദ്ധതികളെ ആശ്രയിച്ചു കഴിയുന്ന ആയിരങ്ങള്‍ വേറെയുമുണ്ട്. ടാക്‌സിക്കാര്‍, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവരെല്ലാം ടൂറിസത്തെ ആശ്രയിച്ചതാണ് കഴിയുന്നത്. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലായി.
Post Your Comments