എറണാകുളം: എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഒരു അമ്മയും മകളും കരുതലോടെ കൊണ്ട് നടക്കുന്ന വനത്തിന്റെ മുകളിലാണ് കെ.എസ്.ഇ.ബി കത്തിവെക്കാന്‍ ഒരുങ്ങുന്നത്. 200 വര്‍ഷത്തോളം പഴക്കമുള്ള ജൈവ സമ്പത്താണ് ഇവിടെ നശിക്കാന്‍ പോകുന്നത്. നോര്‍ത്ത് പറവൂരില്‍ ദേശീയപാതയോട് ചേര്‍ന്ന് വഴിക്കുളങ്ങര ഭാഗത്താണ് ശാന്തിവനം സ്ഥിതിചെയ്യുന്നത്.
നഗര മദ്ധ്യത്തില്‍ ഏറെ ശാന്തതയോടെ രണ്ടേക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ശാന്തിവനം. ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീടും മുറ്റവും ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ നിബിഡമായ ജൈവസമ്പത്താണ്. ഇവിടെയാണ്, മന്നത്ത് നിന്ന് ചെറായിലേക്കുള്ള 110 കെ.വി വൈദ്യതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിന്റെ ഒത്ത നടുവില്‍ വൈദ്യതി ലൈന്‍ കടത്തിവിടാനുള്ള ടവര്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി നീക്കം നടത്തുന്നത്. നിലവില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 50 മീറ്റര്‍ താഴ്ചയില്‍ അഞ്ച് പില്ലറുകള്‍ സ്ഥാപിക്കാനുള്ള പൈലിംഗ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്നു കാവുകളും മൂന്നു കുളങ്ങളും ഉള്ള ശാന്തിവനം വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണ്. ഇവിടെയാണ് ഇപ്പോള്‍ പൈലിംഗ് ജോലികള്‍ നടക്കുന്നത്. പരിസ്ഥിതി പഠിതാക്കളുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയ ഭൂമിയാണ് ശാന്തിവനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യുസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി തുടങ്ങിയവയും പഠനങ്ങള്‍ നടത്തി ശാന്തിവനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാക്ഷ്യപെടുത്തിയിട്ടുണ്ട്.
Post Your Comments