മധുര: ഹിന്ദു വിവാഹ നിയമത്തില്‍ വധുവായി സ്‌ത്രീകളെ മാത്രമല്ല ട്രാന്‍സ് വുമണിനെയും കണക്കാക്കാമെന്നു മദ്രാസ് ഹൈക്കോടതി. വിവാഹം രജിസ്‌റ്റര്‍ ചെയ്‌തുനല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ വിസമ്മതിച്ചതിനെതിരേ തൂത്തുക്കുടി സ്വദേശികളായ ട്രാന്‍സ്‌വുമണും ഭര്‍ത്താവും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്‌റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ വിധി. ഹിന്ദു വിവാഹനിയമപ്രകാരം ട്രാന്‍സ് വുമണിനെ വധുവായി കണക്കാക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്‌തമാക്കി.
നടപടികള്‍ പൂര്‍ത്തീകരിച്ച് ദമ്പതികളുടെ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു നല്‍കണമെന്നു രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കു കോടതി നിര്‍ദേശം നല്‍കി. വധു എന്ന വാക്കിന് സ്‌ഥിരമായ അര്‍ഥമില്ലെന്നും ട്രാന്‍സ്‌വുമണിനെ ഈ വാക്കിന്റെ പരിധിയില്‍ പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹനിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് അധികാരമുണ്ടെന്നുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി തള്ളി
Post Your Comments