Election NewsKeralaLatest NewsIndiaElection 2019

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപണം

രണ്ട് സ്ത്രീകളടക്കം ആറോളം പേരാണ് വീട്ടിനകത്ത് കയറി ആക്രമിച്ചതെന്ന് സുരേഷ് ആരോപിക്കുന്നു.

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട സുരേഷിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് സ്ത്രീകളടക്കം ആറോളം പേരാണ് വീട്ടിനകത്ത് കയറി ആക്രമിച്ചതെന്ന് സുരേഷ് ആരോപിക്കുന്നു. ആക്രമിക്കാനെത്തിയവരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതായി സുരേഷ് പറഞ്ഞു.

അതേസമയം, സുരേഷ് കീഴാറ്റൂര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോയില്‍ സിപിഎം പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തതെന്ന് ആരോപിച്ചിരുന്നില്ല. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ലെന്ന് സുരേഷ് പ്രതികരിച്ചു. കീഴാറ്റൂര്‍ എല്‍പി സ്‌കൂളിലെ 102ാം ബൂത്തില്‍ വ്യാപകമായി കള്ളവോട്ടചെയ്യുന്നതായി ആരോപിച്ച് സുരേഷ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അറുപതോളം കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്നായിരുന്നു സുരേഷിന്റെ അവകാശ വാദം.

കീഴറ്ററിലെ 102ാം നമ്പര്‍ ബൂത്തില്‍ ജനാധിപത്യം ഇന്ന് പൂത്തുലഞ്ഞു ആദ്യം വെള്ളക്കുപ്പായം പിന്നെ കള്ളിഷര്‍ട് ഇത് പോലെ അറുപതു കള്ളവോട്ടുകളുടെ ദൃശ്യങ്ങള്‍ ഉണ്ട്……… ജനാധിപത്യം വാഴട്ടെ എന്ന തലക്കെട്ടോടെയാണ് സുരേഷ് വീഡിയോ പോസ്റ്റ് ചെയ്തത്.പോസ്റ്റ് വിവാദമായതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സുരേഷിന്റെ വീടിന് മുന്നിലെത്തി. ഈ ദൃശ്യങ്ങളും സുരേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button