തിരുവനന്തപുരം : പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അല്‍പ്പസമയത്തിനകം വിധിയെഴുതാന്‍ തയാറായി കേരളം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. വൈകീട്ട് ആറിനുള്ളില്‍ ക്യൂവില്‍ ഇടം പിടിച്ചാല്‍ മാത്രമെ വൈകിയും വോട്ട് ചെയ്യാന്‍ അനുവദിക്കൂ. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡടക്കം ഫോട്ടോ പതിച്ച 12 തിരിച്ചറിയല്‍ രേഖകളിലൊന്നോ ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും.
പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ മൂന്ന് മുന്നണികളും മത്സരിച്ചു രംഗത്തുള്ളതിനാല്‍ ഇക്കുറി റെക്കോര്‍ഡ് പോളിങ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.79 ശതമാനം ആയിരുന്നു പോളിങ്. മരിച്ചവരുടെ പേരുകളും ഇരട്ടിപ്പുകളും വോട്ടര്‍ പട്ടികയില്‍ നിന്നു പരമാവധി ഒഴിവാക്കിയ ശേഷം നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.10 ശതമാനം ആയിരുന്നു പോളിങ്. പോസ്റ്റല്‍ വോട്ട് കൂട്ടാതെയുള്ള കണക്കുകളാണിത്. ഇക്കുറി ഇതും മറികടക്കുമെന്നാണു വിലയിരുത്തല്‍.
പല മണ്ഡലങ്ങളിലും ഒരേ പേരുകള്‍ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുള്ളതിനാല്‍ കള്ള വോട്ടിനുള്ള സാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു കണക്കിലെടുത്തു പേര് ഇരട്ടിച്ചവരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കു കൈമാറിയിട്ടുണ്ടെന്നും കള്ള വോട്ടിനു ശ്രമിച്ചാല്‍ ഉടന്‍ കസ്റ്റഡിയിലെടുത്തു നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
Post Your Comments