തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചവരെ കനത്ത പോളിംഗ്. ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനത്ത് മൊത്തത്തില്‍ 45 ശതമാനം അടുത്താണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ പോളിംഗ് ശതമാനം കുതിയ്ക്കുമെന്നാണ് സൂചന. അതേസമയം സംസ്ഥാനത്തെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം
തീരമേഖലകളിലും ഗ്രാമനഗരപ്രദേശങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വാശിയേറിയ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരത്ത് രാവിലെ മുതല്‍ തന്നെ നീണ്ട നിരയാണ് കണ്ടത്. തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാലും ഗവര്‍ണര്‍ പി സദാശിവവും വോട്ട് ചെയ്തു. സ്ത്രീകളടക്കം വലിയ നിരയാണ് ഉച്ച വെയിലിലും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്.
മലപ്പുറം
മലപ്പുറം ജില്ലയിലാണ് മോക് പോളിംഗില്‍ വലിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മോക് പോളിംഗ് നടത്തുന്നത് മൊബൈലിന്റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ്. എന്നാല്‍ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗില്‍ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കനത്ത പോളിംഗാണ് മലപ്പുറത്ത് രേഖപ്പെടുത്തുന്നത്. പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. എന്നാല്‍ രാവിലെ മലപ്പുറത്ത് പലയിടത്തും മഴ പെയ്തതിനാല്‍ ആളുകളുടെ തിരക്ക് അല്‍പം കുറഞ്ഞിരുന്നു. മലപ്പുറം മുണ്ടൂപറമ്പില്‍ ബൂത്തുകള്‍ തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നു. മഴ പെയ്ത് പോളിംഗ് സാമഗ്രികള്‍ നനഞ്ഞതിനാലാണ് ഇത്.
കണ്ണൂര്‍
കണ്ണൂരിലും പലയിടത്തും രാവിലെ മോക് പോളിംഗ് യന്ത്രങ്ങളിലെ തകരാറ് മൂലം തടസ്സപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യേണ്ടിയിരുന്ന പിണറായിയിലെ 161-ാം ബൂത്തില്‍ യന്ത്രത്തകരാര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ബൂത്തില്‍ വോട്ടിംഗ് തുടങ്ങിയത് വൈകിയാണ്. ഇതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നാണ് വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്.
എറണാകുളം
എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആകെ 2251 പോളിങ് സ്റ്റേഷനുകളാണ് എറണാകുളത്തുള്ളത്. എറണാകുളത്തും, കോതമംഗലത്തും എളമക്കരയിലുമടക്കം നിരവധി സ്ഥലങ്ങളില്‍ മോക് പോളിംഗില്‍ തടസ്സം നേരിട്ടതിനാല്‍ വ്യാപകമായി യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നു.
എറണാകുളം സെന്റ് മേരീസ് സ്‌കൂളില്‍ വോട്ട് ചെയ്യേണ്ടിയിരുന്ന സിറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറെ നേരം കാത്ത് നിന്നാണ് വോട്ട് ചെയ്യാതെ മടങ്ങിയത്. അതേ വരിയില്‍ സത്യദീപം എഡിറ്ററും എഴുത്തുകാരനുമായ ഫാദര്‍ പോള്‍ തേലക്കാട്ടുമുണ്ടായിരുന്നു. സത്‌നാ രൂപതാ ബിഷപ്പിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒഡീഷയിലേക്ക് പോകേണ്ടതിനാല്‍ കര്‍ദ്ദിനാള്‍ ഇനി വോട്ട് ചെയ്യാനായി എത്തില്ല.
താരങ്ങളായ ഫഹദ് ഫാസിലും ആഷിഖ് അബുവും റിമ കല്ലിങ്കലും അടക്കമുള്ളവരും വോട്ട് രേഖപ്പെടുത്തി.
ഇടുക്കി
ഇടുക്കി ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പോളിംഗ് സ്റ്റേഷനുകളിലൊന്നായ ഇടമലക്കുടിയിലെ ബിഎസ്എന്‍എല്‍ – ഇന്റര്‍നെറ്റ് സൗകര്യം കാട്ടാന ആക്രമണത്തില്‍ തകര്‍ന്നു. വയര്‍ലെസ് മാത്രമാണ് ആശയ വിനിമയ ഉപാധി. പോളിംഗിന് പോയവര്‍ തിരിച്ച് വന്നാലേ ഫോട്ടോ, വീഡിയോ എന്നിവ ലഭിക്കൂ. അവിടെ നിന്നുള്ള വേറെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.
തൃശ്ശൂര്‍
തൃശ്ശൂരിലും രാവിലെ പലയിടങ്ങളിലും മോക്ക് പോളിംഗ് സംവിധാനം തടസ്സപ്പെട്ടിരുന്നു. നടനും ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ് അടക്കം നിരവധിപ്പേര്‍ രാവിലെത്തന്നെ വോട്ട് ചെയ്തു.
പത്തനംതിട്ട
പത്തനംതിട്ടയില്‍ മോക്ക് പോളിംഗിനിടെ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതായി പരാതിയെത്തി. ചെന്നീര്‍ക്കര 180-ാം നമ്പര്‍, കലഞ്ഞൂര്‍ 162-ാം നമ്പര്‍, തോട്ടപ്പുഴശ്ശേരി 55-ാം നമ്പര്‍, കോന്നി 155-ാം നമ്പര്‍ , ഇലന്തൂര്‍ 131-ാം നമ്പര്‍, 132–ാം നമ്പര്‍ എന്നീ ബൂത്തുകളില്‍ കോണ്‍ഗ്രസ്സ്, ബിജെപി ചിഹ്നങ്ങളില്‍ വോട്ട് വീഴുന്നില്ലെന്നായിരുന്നു പരാതി. ഇത് പരിഹരിച്ച് ഇവിടങ്ങളിലേക്ക് പുതിയ യന്ത്രങ്ങളെത്തിച്ചു.
വയനാട്
വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലകളിലും മികച്ച പോളിംഗ്. 12 മണിക്ക് മുമ്പ് തന്നെ പല ബൂത്തുകളിലും 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പ്രശ്‌ന ബാധിത ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കാസര്‍കോട്
കാസര്‍കോട് കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. കാസര്‍കോട് കോളിയടുക്കം ജി.യു.പി സ്‌കൂളിലെ 34-ാം നമ്പര്‍ ബൂത്തിലെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഒരു മണിക്കൂര്‍ സമയം കാത്ത് നിന്നു.
യന്ത്രത്തകരാര്‍ പരിഹരിച്ചെങ്കിലും, മാറ്റി സ്ഥാപിച്ചപ്പോഴേക്കും മണിക്കൂറുകള്‍ ജനം നിന്ന് വലഞ്ഞിരുന്നു.ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ രാത്രി ആയാലും പോളിംഗ് തീരില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞു. യന്ത്രത്തകരാര്‍ മാത്രമല്ല, മയ്യില്‍ കണ്ടങ്കൈ എല്‍ പി സ്‌കൂളിലെ 145-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മിഷ്യനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതും ഭീതി പരത്തി. മോക്ക് പോള്‍ വൈകിയതോടെ പോളിംഗ് തുടങ്ങാനും വൈകി.
Post Your Comments