അങ്കമാലി തുറവൂര്‍ തലക്കോട്ടുപറമ്പിലെ നടേപ്പിള്ളി ബിജുവിന്റെ മകന്‍ ശ്രീദേവിന് അഞ്ചു വയസ്സ് ആകുന്നതേയുള്ളു. വോട്ടവകാശം ഇല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാല്‍ ഇന്നലെ വോട്ടെടുപ്പു ദിവസത്തിന്റെ തിരക്കിന്റെ നടുവിലും ഇന്നസെന്റ് തുറവൂരിലെ അവന്റെ വീട്ടില്‍ ശ്രീദേവിനെ കാണാന്‍ വന്നു.
രാവിലെ 7 മണിക്കു തന്നെ താന്‍ പഠിച്ച ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍പ്പോയി കുടുംബസമേതം വോട്ടു ചെയ്ത ഇന്നസെന്റിന് പിന്നീട് മണ്ഡലത്തിലെ വിവിധ മേഖലകളിലെ ബൂത്ത് സന്ദര്‍ശനം നടത്താന്‍ മാത്രമായിരുന്നു പ്ലാനുണ്ടായിരുന്നത്. പക്ഷേ ഇന്നലെ സിപിഎം തുറവൂര്‍ തലക്കോട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറി സുഗതന്‍ കുന്നുംപുറം പോസ്റ്റു ചെയ്ത വിഡിയോ എല്ലാം മാറ്റി മറിച്ചു.
കുസൃതിയായ ശ്രീദേവിനെ മൂച്ചുപിടിപ്പിക്കാന്‍ വേണ്ടി അവന്റെ ആന്റിമാര്‍ ഇന്നസെന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് പറയുന്നതും കുഞ്ഞുശ്രീദേവിന് ദേഷ്യം വരുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. കുറച്ചു ദിവസം മുമ്പ് ഇന്നസെന്റ് പര്യടനവുമായി പരിസരത്തു വന്നപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറും സിഐടിയു ഓ്‌ട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ തുറവൂര്‍ മേഖലാ സെക്രട്ടറിയുമായ അച്ഛന്‍ ബിജുവിന്റെ കൂടെ കുഞ്ഞുശ്രീദേവ് ഇന്നസെന്റിനെ കാണാന്‍ പോയിരുന്നു. ഇടതുപക്ഷ കുടുംബത്തിന്റെ ആവേശത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയോടുള്ള സ്‌നേഹം അങ്ങനെ അവനിലും ആവേശമുണര്‍ത്തുകയായിരുന്നു. ഒപ്പം തെരഞ്ഞെടുപ്പ് പ്രമാണിച്ച് ചുറ്റും നടന്ന പാര്‍ട്ടി പരിപാടികളെല്ലാം കണ്ടതോടെ അവന്‍ ഇന്നസെന്റിന്റെ കടുത്ത ആരാധകനായി മാറി. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നൊന്നും സ്ഫുടതയോടെ പറയാനായിട്ടില്ലെങ്കിലും ഇന്നസെന്റ് തോല്‍ക്കുമെന്ന് പറയുന്ന അമ്മായിമാരോട് അവന്‍ തിരിച്ച് ചൂടാവുന്നത് കാണേണ്ട കാഴ്ചയാണ്. ഉറപ്പാണ് തോല്‍ക്കും എന്ന് ആന്റിമാര്‍ പറയുമ്പോള്‍ ഉറപ്പല്ല ഉറപ്പല്ല എന്നാണ് അവന്റെ മറുപടി. താമരപ്പൂ ജയിക്കും എന്ന്പറയുമ്പോള്‍ അതിനെ വെട്ടിക്കളയും എന്നാണ് കുഞ്ഞുവായിലെ ആവേശം. അച്ഛാ ഇന്നസെന്റ് ജയിക്കില്ലേ എന്ന നിഷ്‌കളങ്ക ചോദ്യവുമുണ്ട്. അല്ലെങ്കില്‍ ബെറ്റിനുണ്ടോ എന്നാണ് അവന്‍ ആന്റിമാരെ വെല്ലുവിളിക്കുന്നത്. ഇന്നസെന്റ് ജയിക്കും ജയിക്കും ജയിക്കും എന്ന് അവന്‍ ആവര്‍ത്തിക്കുകയാണ്.
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തപ്പോള്‍ രണ്ടു ലക്ഷത്തോളം പേരാണ് ഒരു പകല്‍ കൊണ്ട് വിഡിയോ കണ്ടത്. ഇന്നസെന്റിന്റെ എതിരാളികള്‍ക്കുപോലും കണ്ടു ചിരിക്കാവുന്ന നിഷ്‌കളക്ഷങ്കത ഇന്നസെന്റിനെ ഏറെ സന്തോഷിപ്പിച്ചു എന്നത് പറയേണ്ടതില്ലല്ലോ. അങ്ങനെ അമ്പട മിടുക്കാ ഞാന്‍ വരുന്നുണ്ട് നിന്നെ കാണാന്‍ എന്ന തലക്കെട്ടോടെയാണ് ഇന്നസെന്റ് വിഡിയോ ഷെയര്‍ ചെയ്തത്.
വോട്ടെടുപ്പു ദിവസം മുന്‍ മന്ത്രി ജോസ് തെറ്റയില്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി ജെ വര്‍ഗീസ്, ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി മൂഞ്ഞേലി തുടങ്ങിയ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് ഇന്നസെന്റ് ശ്രീദേവിന്റെ വീട്ടിലെത്തിയത്. താന്‍ ജയിക്കുമെന്ന് വാശിപിടിയ്ക്കുന്നതിലുപരി അവന്റെ സ്പിരിറ്റാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞു. അസ്സലായി അവനത് ചെയ്തു. പഠിക്കുന്നതിലും അവനാ സ്പിരിറ്റുണ്ടാകും. ഇത്തരം ആത്മാര്‍ത്ഥമായ ആവേശം ജീവിതത്തില്‍ ഉയരാന്‍ സഹായിക്കും. ഇങ്ങനെ സ്പിരിറ്റുണ്ടാകുന്നവര്‍ ചുരുക്കമാണ്. അവന്‍ നല്ലൊരു കലാകാരന്‍ കൂടിയാണെന്ന് അവന്റെ പ്രകടനം തെളിയിക്കുന്നു. യാതൊരു റിഹേഴ്‌സലുമില്ലാതെയാണ് അവന്റെ ഈ രസികരന്‍ പെര്‍ഫോര്‍മന്‍സ്. ഇന്നസെന്റിന്റെ കൂടെയുണ്ടായിരുന്ന കൊച്ചുമകന്‍ ഇന്നസെന്റ് ജൂനിയര്‍ താന്‍ ശ്രീദേവിന് സമ്മാനമായി കൊണ്ടുവന്ന ക്രിക്കറ്റ് ബാറ്റും ബോളുകളും അവന് സമ്മാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ ഇന്നസെന്റ് ഞാന്‍ ഉണ്ണാന്‍ നില്‍ക്കണോ എന്നവനോട് ചോദിക്കുന്നുണ്ട്. ഞാന്‍ ഉണ്ടു എന്നാണ് അവന്റെ ഉത്തരം. ഇനി അവരോടൊന്നും ചൂടാവാന്‍ പോണ്ടാട്ട എന്നാണ് ഇന്നസെന്റ് അവന് തമാശയായി നല്‍കിയ ഉപദേശം. ഇവനാണ് ഇ്ന്നത്തെ ഹീറോ എന്നു പറഞ്ഞ് ഇന്നസെന്റ് പടിയിറങ്ങി.
Post Your Comments