കൊല്ലം: മോഷണ കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചല്‍ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസില്‍ പോലീസ് തെറ്റായി പ്രതി ചേര്‍ത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്.
Read Also: ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു
മോഷണ കേസില്‍ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്ന് ഇറങ്ങിയ നാള്‍ മുതല്‍ കള്ളനല്ലെന്ന് തെളിയിക്കാന്‍ തുടങ്ങിയതാണ് രതീഷിന്റെ നിയമപോരാട്ടം. ‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവന്‍ കള്ളനാണ്, കള്ളന്റെ വണ്ടിയില്‍ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ പറഞ്ഞു.
തുടര്‍ന്ന് 2020 ല്‍ യഥാര്‍ത്ഥ മോഷ്ടാവിനെ പോലീസ് പിടികൂടി. ഇതോടെ രതീഷ് പൊലീസിനെതിരെ നിയമപോരാട്ടം കടുപ്പിച്ചു. നീതി ലഭിക്കാന്‍ കിടപ്പാടം വരെ പണയം വെച്ചു. കേസ് പിന്‍വലിക്കാന്‍ പണം വരെ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു. രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. നീതി തേടി നടത്തിയ പോരാട്ടത്തിനിടയില്‍ വാഗ്ദാനങ്ങള്‍ എല്ലാം രതീഷ് തള്ളിക്കളഞ്ഞു. പക്ഷേ വിധി രതീഷിനെ തോല്‍പ്പിച്ചു. നീതി കിട്ടാന്‍ വേണ്ടി നടത്തിയ പോരാട്ടത്തിനൊടുവില്‍ ജീവിത പ്രയാസങ്ങളില്‍ പെട്ട് രതീഷ് ആത്മഹത്യ ചെയ്തു. കേസില്‍ രതീഷ് നടത്തിയ നിയമപോരാട്ടത്തിന്റെ വിധി വരാനിരിക്കെയാണ് രതീഷിന്റെ ആത്മഹത്യ.
Post Your Comments