KeralaLatest News

ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം; കല്ലടയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

തൃശ്ശൂര്‍: കല്ലട ബസില്‍ ജീവനക്കാര്‍ യാത്രികനെ മര്‍ദ്ദിച്ച സംഭവം വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അധ്യാപികയായ മായാ മാധവന്‍. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു സംഭവം നടന്നത്. രാത്രി യാത്രയ്ക്കായി എത്തേണ്ടിയിരുന്ന വണ്ടി എത്താതിരുന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അവർ വ്യക്തമാക്കുന്നത്. കല്ലടയ്ക്ക് എതിരെയുള്ള എന്ത് പോരാട്ടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മായ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം;

കല്ലടയുടെ പുതിയ വാർത്ത കണ്ടപ്പോൾ നമ്മുടെ അനുഭവം ഓർമ വന്നു….അതിഭീകരമായിരുന്നു. രാത്രി11 മണിക്ക് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ് എപ്പോൾ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. 1 മണി ഒക്കെ ആയപ്പോൾ ഓഫിസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ട് നിർത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ…വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്.ആർത്തവവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ….കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫിസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ “ബസ് ,ദാ എത്തി” എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു.

വന്ന ബസിന്റെ സ്റ്റാഫിന് തീരെ താല്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവർക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതൽ അതിന്റെ ദേഷ്യം അവർ യാത്രക്കാരോട് തീർത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങൾക്കോ നിർത്താൻ ആവശ്യപ്പെട്ടാൽ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികൻ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങൾ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടയി പിന്നെ….ഒരു റിട്ടയർഡ് അധ്യാപകൻ ആയ അദ്ദേഹം അതേ ഭാഷയിൽ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്റെ പേരിൽ “എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട….ബസ് ഇവിടെ കിടക്കട്ടെ…..പിന്നെ നിങ്ങൾ എന്ത് ചെയ്യും എന്ന് കാണട്ടെ….”എന്ന് ആക്രോശിച്ചു കൊണ്ട് ഗുണ്ടകൾ എന്ന് തന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയിൽ ഒതുക്കിയിട്ടു. രാവിലെ7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസിൽ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോർക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ , കുളിക്കാതെ ബസിലും പുറത്തുമായി ഏകദേശം 13 മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോൾ.

അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങൾ അവരുടെ കൈയും കാലും പിടിച്ചു മാപ്പ്‌ പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയിൽ നിന്ന് ബസ് എടുക്കാമെന്ന് അവർ സമ്മതിച്ചത്. അങ്ങനെ രാവിലെ 6 മണിക്ക് എത്തേണ്ട ബസ് വൈകിട്ട് 6 മണിക്ക് എത്തി…അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും . ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കൾ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃകോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും ,ഒരു സാദാ മലയാളിയെ പോലെ “വയ്യാവേലിക്കൊന്നും പോകാൻ എനിക്ക് നേരമില്ലേ…” എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാർഢ്യം…..

shortlink

Related Articles

Post Your Comments

Related Articles


Back to top button