Latest NewsKerala

കല്ലടയുടെ ഓഫീസില്‍ പരിശോധന

കേസില്‍ സുരേഷ് കല്ലട ജീവനക്കാരായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കൊച്ചിയിലെ കല്ലട ടൂറിസ്റ്റ് ബസ് ഓഫീസില്‍ പരിശോധന. കൊച്ചി വൈറ്റിലയിലെ ഓഫീസിലാണ് പരിശോധന. അതേസമയം കല്ലട തിരുവനന്തപുരം ഓഫീസിലെ മാനേജറെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

കേസില്‍ സുരേഷ് കല്ലട ജീവനക്കാരായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിതിന്‍, ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. മരട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട എയര്‍ബസില്‍ പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ വഴിമധ്യേ ജീവനക്കാര്‍ ബസില്‍നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു.

അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അജയ് ഘോഷ്. തിരുവനന്തപുരത്തു നിന്നു രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോള്‍ കേടായി. അര്‍ധരാത്രി വഴിയിലായിപ്പോയ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഇതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു.

എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറുകയായിരുന്നു. ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ മര്‍ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button