കൊച്ചി: യാത്രക്കാരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ കല്ലട ഗ്രൂപ്പിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ മുന്‍പും കല്ലട ഗ്രൂപ്പിനെതിരെ ജനരോക്ഷമുയര്‍ന്നിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഈ സംഭവത്തിന് സമാനമായ വാര്‍ത്ത വന്നത്. കല്ലട ബസും അതിലെ തൊഴിലാളികളുമായിരുന്നു അന്നത്തെയും വില്ലന്മാര്‍. അന്ന് ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചെത്തിയതോടെ ഒടുവില്‍ യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹയാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ പയ്യന്നൂരിലേക്ക് വന്ന കല്ലട ബസിന്റെ ഡ്രൈവറാണ് മദ്യപിച്ച് അന്ന് യാത്രക്കാരുടെ ഉറക്കംകെടുത്തിയത്. പതിവായി ഇതുവഴി രാത്രികാല സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി വിനയനാണ് അന്ന് പിടിയിലായത്. അന്ന് രാത്രി ഒന്‍പതുമണിക്കാണ് ബസ് പുറപ്പെട്ടത്. മദ്യപിച്ചെത്തിയ ഡ്രൈവര്‍ വിനയന്റെ പെരുമാറ്റം മോശമായതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. ക്രിസ്തുമസ് അവധിയായതിനാല്‍ അന്ന് നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കാരുടെ ജീവനു പോലും അപകടമാകുന്ന തരത്തില്‍ ഡ്രൈവര്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയതോടെയാണ് ഒരു യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പിന്നീട് വളപട്ടണം എത്തിയപ്പോള്‍ പകരം ഡ്രൈവറെ പൊലീസ് ഏര്‍പ്പെടുത്തുകയായിരുന്നു. മാക്കൂട്ടം ചുരം എത്തുന്നതിന് മുന്‍പ് യാത്രക്കാരന്‍ ഇടപെട്ടതുമൂലം വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് വിനയനെതിരെ കേസെടുത്തിരുന്നു.
Post Your Comments