ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉള്‍പ്പെടെ നിരവധിപ്രമുഖരാണ് മത്സരരംഗത്തുള്ള്. ഷീല ദീക്ഷിത് അടക്കം 6 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. സൌത്ത് ഡല്‍ഹിയിലെ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.
മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ മത്സരരംഗത്തില്ല. എ.എ.പിയുമായി സഖ്യമില്ലെന്നുറപ്പായതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം ശേഷിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് ഡി.പി.സി.സി അധ്യക്ഷയും 3 തവണ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് മത്സരിക്കും.
ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും എ.എ.പി നേതാവ് ദിലീപ് പാണ്‌ഢെയുമാണ് എതിരാളികള്‍. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ല. കപില്‍ സിബലിന്റെ തട്ടകമായ ചാന്ദിനി ചൌക്കില്‍ ജെ.പി അഗര്‍വാളാണ് സ്ഥാനാര്‍ഥി. ഇത്തവണ കനത്ത മത്സരമാണ് ചാന്ദിനി ചൌക്കില്‍. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനും എ.എ.പിയുടെ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയുമാണ് ഒപ്പം മത്സര രംഗത്തുള്ളത്. നേരത്തെ നിശ്ചയിച്ചതുപോലെ അജയ് മാക്കന്‍ ന്യൂ ഡല്‍ഹിയില്‍ നിന്നും മത്സരിക്കും.
ഈസ്റ്റ് ഡല്‍ഹിയില്‍ അരവിന്ദര്‍ സിഹ് ലൌലിയും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലിലോത്തിയയും ജനവിധി തേടും. വെസ്റ്റ് ഡല്‍ഹിയില്‍ മഹാബല്‍ മിശ്രയാണ് സ്ഥാനാര്‍ഥി. നേരത്തെ നിശ്ചയിച്ചിരുന്ന ഗുസ്തി താരം സുശീല്‍ കുമാറിനെ മാറ്റിയാണ് പൂര്‍വാഞ്ചലി മുഖമായ മഹാബല്‍ മിശ്രയെ നിര്‍ത്തിയത്.
ശേഷിക്കുന്ന സൌത്ത് ഡല്‍ഹിയിലെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സുശീല്‍ കുമാറിന്റെ പേരും സിഖ് വിരുദ്ധ കലാപക്കേസില്‍ കോടതി ശിക്ഷിച്ച സജ്ജന്‍ കുമാറിന്റെ സഹോദരന്‍ രമേശ് കുമാറിന്റെ പേരുമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതിനെതിരെ സിഖ് സംഘടനകള്‍ എ.ഐ.സി.സിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Post Your Comments